ചേര്‍ത്തല: കലവൂര്‍ കൃപാസനത്തില്‍നിന്ന് അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്കുള്ള അഖണ്ഡ ജപമാല മഹാറാലി നാളെ നടക്കും. ‘രക്ഷയുടെ മഹാജൂബിലി-പ്രത്യാശയുടെ തീര്‍ഥയാത്ര’ എന്ന സന്ദേശവുമായി രാവിലെ ആറിന് കൃപാസനത്തിൽനിന്നും പുറപ്പെടുന്ന ജപമാല മഹാറാലിയില്‍ ജനലക്ഷങ്ങള്‍ അണിചേരും. മഹാറാലിയോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
കലവൂരില്നിന്നും ബീച്ച് റോഡ് വഴിയാണ് റാലി അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക് എത്തിച്ചേരുക. രാവിലെ ഏഴിന് മാരാരിക്കുളം ബീച്ചില്‍ ആലപ്പുഴ ബിഷ പ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മഹാറാലി ഉദ്ഘാടനം ചെയ്യും. തീരദേശം വഴി കടന്നുപോകുന്ന റാലി അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ഒമ്പതോടെ എത്തിച്ചേരുമ്പോള്‍ ബസിലിക്ക അങ്കണത്തില്‍ ഗംഭീര സ്വീകരണം നല്‍കും. ബസിലിക്ക റെക്ടര്‍ റവ.ഡോ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ റാലിയെ സ്വീകരിക്കും.
റവ.ഡോ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ സ്വാഗതം പറയും. കൃപാസനം ഡയറക്ടര്‍ റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ ആമുഖസന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. റവ.ഡോ. വി.പി. ജോസഫ് മുഖ്യകാര്‍മികത്വം വഹിക്കും. ബ്രദര്‍ എഡ്വേര്‍ഡ് പുത്തന്‍വീട്ടില്‍ സഹകാര്‍മികത്വം വഹിക്കും.
കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കതോലിക്കാബാവാ മഹാജൂബിലി സന്ദേശം നല്‍കും. തുമ്പോളി സെന്റ് തോമസ് പള്ളി വികാരി ഫാ. പോള്‍ ജെ. അറയ്ക്കല്‍ മരിയന്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 1.40നു സീറോമലബാര്‍ ക്രമത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ സമൂഹദിവ്യബലിക്ക് ഫരീദാബാദ് മെട്രോപൊളീറ്റന്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് കൃപാസനം മാതാവിന്റെ നൊവേന. സിസ്റ്റര്‍ ജോമോള്‍ ജോസഫ് നേതൃത്വം നല്‍കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. റവ.ഡോ.വി.പി. ജോസഫ്, ഫാ. അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍ നേതൃത്വം നല്‍കും.
മഹാറാലി കടന്നുപോകുന്ന സ്ഥലങ്ങൾ
കൃപാസനം മിഷൻ സെന്ററിന്റെ പടിഞ്ഞാറെ ഗേറ്റ് വഴി ഇറങ്ങി റോഡിലൂടെ സ്വയംപ്രഭ ജംഗ്ഷനിലെത്തി ഇടത്തേക്കു തിരഞ്ഞു വാറാൻ കവലയിലെത്തി വലത്തോട്ട് തീരദേശ റോഡിലൂടെ 50 മീറ്റര്‍ നീങ്ങും.
തുടർന്ന് ഇടത്തോട്ട് തിരിഞ്ഞു തയ്യിൽ പടിഞ്ഞാറെ ജംഗ്ഷൻ വരെ നടന്നു കടൽതീരത്തേക്കിറങ്ങി മാരാരിക്കുളം ജനക്ഷേമം ജംഗ്ഷൻ വരെ മണ്ണിലൂടെ നടന്നു വലത്തോട്ട് തിരിഞ്ഞു റോഡിലൂടെ ചെത്തി ഹാർബർ വടക്കേയറ്റം വരെയെത്തി ഇടത്തോട്ട് തിരിഞ്ഞു കടൽമണ്ണിലൂടെ പനക്കൽ ജംഗ്ഷനിലെത്തി റോഡിലൂടെ കാർനൊസ്റ്റി ബീച്ച് കടന്നു തിരുവിഴ ക്രിസ്തുരാജ ജംഗ്ഷനിൽനിന്നും ഇടത്തോട്ട് തിരിഞ്ഞു കടൽമണ്ണിലൂടെ അർത്തുങ്കൽ ബീച്ചിലെത്തി വലത്തോട്ട് തിരിഞ്ഞ് ബസിലിക്കയുടെ തിരുമുറ്റത്തു എത്തിച്ചേരുന്നു.
ആകെ 14 കിലോമീറ്റര്‍ ദൂരം. ചേന്നവേലി പൊഴിയുടെ വെള്ളം അടുത്ത രണ്ടു ദിവസങ്ങളിൽ തുറന്നുവിട്ടു വറ്റിച്ചു മണ്ണിലൂടെ നടന്നുപോകുന്നതിനുള്ള ചിറ കെട്ടി ക്രമീകരിച്ചിട്ടുണ്ട്.
Tags : Kripasanam