ചേര്‍ത്തല: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പായുടെ ആഹ്വാനപ്രകാരം ലോക സമാധാനത്തിനായി കൃപാസനം സ്ഥാപക ഡയറക്ടര്‍ റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ നയിക്കുന്ന അഖണ്ഡ ജപമാല മഹാറാലി ഇന്ന് നടക്കും. അഖണ്ഡ ജപമാല മഹാറാലിയില്‍ പങ്കെടുത്തു സായൂജ്യമടയാന്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു ജനസഹസ്രങ്ങള്‍ ഇന്നലെ വൈകിട്ടു മുതല്‍തന്നെ കൃപാസനത്തിലേക്ക് എത്തിക്കൊണ്ടിരുന്നു.
"രക്ഷയുടെ മഹാജൂബിലി-പ്രത്യാശയുടെ തീര്‍ഥയാത്ര' എന്ന സന്ദേശവുമായി ഇന്നു രാവിലെ ആറിന് കലവൂര്‍ കൃപാസനം ജൂബിലിമിഷന്‍ ദേവാലയത്തില്‍നിന്ന് ആരംഭിക്കുന്ന അഖണ്ഡജപമാല മഹാറാലി മാരാരിക്കുളം ബീച്ചില്‍ ആലപ്പുഴ രൂപത മെത്രാന് റവ.ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്യും. വിശ്വാസിസഹസ്രങ്ങള്‍ അണിചേരുന്ന അഖണ്ഡജപമാല മഹാറാലി തീരത്തിന്റെയും തീരത്തിന്റെ സമാന്തര റോഡുകളിലുംനിന്ന് എത്തിപ്പെട്ട് അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയുടെ കടലോരത്തുള്ള കുരിശടിവലയം ചെയ്ത് അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക് എത്തിച്ചേരും.
കൃപാസനം അഖണ്ഡജപമാല മഹാറാലി അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ മൈതാനത്ത് എത്തിച്ചേരുമ്പോള്‍ ബസിലിക്ക റെക്ടര്‍ റവ.ഡോ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ റാലിക്ക് സ്വീകരണം നല്‍കും. റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടില്‍ ആമുഖ സന്ദേശം നല്‍കും. തുടര്‍ന്ന് ആലപ്പുഴ രൂപത മെത്രാന് ഡോ.ജയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ സമൂഹദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിക്കും. മലങ്കര സഭയുടെ പരമാധ്യക്ഷനും കെസിബിസി അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കതോലിക്കാബാവാ മഹാജൂബിലി സന്ദേശം നല്‍കും.
ഉടമ്പടി നൊവേനയും ദിവ്യകാരുണ്യ ആരാധനയും അര്‍പ്പിച്ച് റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടില്‍ വിശ്വാസസഹസ്രങ്ങളെ ആശീര്‍വദിക്കും. ബ്രദര്‍ എഡ്വേര്‍ഡ് പുത്തന്‍വീട്ടില്‍ സഹകാര്‍മികനാകും. തുമ്പോളി സെന്റ് തോമസ് പള്ളി വികാരി ഫാ. പോള്‍ ജെ. അറയ്ക്കല്‍ മരിയന്‍ സന്ദേശം നല്‍കും.
ഉച്ചകഴിഞ്ഞ് 1.40ന് സീറോമലബാര്‍ ക്രമത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ സമൂഹദിവ്യബലിക്ക് ഫരീദാബാദ് മെട്രോപൊളീറ്റന്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കൃപാസനം മാതാവിന്റെ നൊവേന - സിസ്റ്റര്‍ ജോമോള്‍ ജോസഫ് നേതൃത്വം നല്‍കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍, ഫാ. അലക്സ് കൊച്ചീക്കരന്വീട്ടില് നേതൃത്വം നല്‍കും.
ഒരുക്കിയിരിക്കുന്നത്
വിപുലമായ സൗകര്യങ്ങള്‍
ചേര്‍ത്തല: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ള വിശ്വാസിസഹസ്രങ്ങള്‍ അണിചേരുന്ന ജപമാല മഹാറാലിക്ക് കുടിവെള്ളവും ഇ -ടോയ്ലറ്റ് സംവിധാനവും മെഡിക്കല്‍ എയ്ഡും ഇരുപതിലധികം ആംബുലന്‍സും, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പരിചരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്നു നൂറിലധികം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും വിമുക്തഭടന്മാരുടെയും വോളന്റിയർമാരുടെയും സേവനം ഉണ്ടായിരിക്കും.
കൃപാസനം സ്പിരിച്ച്വല്‍ അനിമേറ്റര്‍ ഫാ. അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍, കൃപാസനം മാനേജര്‍ സണ്ണി പരുത്തിയില്‍, വൈസ് ഡയറക്ടര്‍ തങ്കച്ചന് പനയ്ക്കല്‍, പിആര്‍ഒ അഡ്വ. എഡ്വേര്‍ഡ് തുറവൂര്‍, ജനറല്‍ സെക്രട്ടറി ടി.എക്സ്. പീറ്റര്‍, എച്ച്ആര്‍ മാനേജര്‍ ജോസഫ് അരൂര്‍, പബ്ലിക്കേഷന്‍ മീഡിയ സെക്രട്ടറി സിസ്റ്റർ ജോമോള്‍ ജോസഫ്, എക്സിക്യൂട്ടീവ് കണ്‍വീനര്‍ റോബര്‍ട്ട് കണ്ണഞ്ചിറ, അലോഷ്യസ് തൈക്കല്‍, രതീഷ് ബാബു, മനോജ് തങ്കി, ജോസഫ് ഫെര്‍ണാണ്ടസ് തൈക്കാട്ടുശേരി, ജോസ് ബാബു കോതാട്ട് തങ്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.