കോന്നി: പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിര്‍മാണം പൂര്‍ത്തിയായ കോന്നി മിനി ബൈപാസിന്റെയും കോന്നി - വെട്ടൂര്‍ - കൊന്നപ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനവും കോന്നി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വന്‍ കുതിച്ചുചാട്ടമുണ്ടായി. സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കി. 150 ല്‍ അധികം പാലങ്ങള്‍ പൂര്‍ത്തിയായി. 1600 കോടി രൂപ പാലം നിര്‍മാണത്തിന് ചെലവഴിച്ചു.
നൂറിലധികം പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. 17,750 കിലോമീറ്റര്‍ റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മിച്ചു. റോഡ് പരിപാലനത്തിനും പ്രാധാന്യം നല്കുന്നു. കാസര്‍ഗോഡ് നന്ദാരപടവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ 473.42 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ആര്‍കെഐ പദ്ധതിയിലൂടെ 2.57കോടി രൂപ വിനിയോഗിച്ചാണ് കോന്നി മിനി ബൈപാസ് നിര്‍മിച്ചത്. ആറ് കോടി രൂപ ചെലവില്‍ ബിഎം ബിസി നിലവാരത്തിലാണ് കോന്നി മെഡിക്കല്‍ കോളജിലേക്കും ശബരിമല തീര്‍ഥാടകാര്‍ക്കും പ്രയോജനം ചെയ്യുന്ന കോന്നി - വെട്ടൂര്‍ - കൊന്നപ്പാറ റോഡ് നിര്‍മിക്കുന്നത്.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ജി ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Tags : Muhammad Riyas Kerala Konni