ചാത്തന്നൂർ: കനത്ത മഴയിൽ ദേശീയ പാതയോരത്തെ നിരവധി കടകളിൽ വെള്ളം കയറി. ബുധനാഴ്ച രാത്രി മുതൽ ചെയ്ത മഴയിൽ ദേശീയപാതയുടെ സർവീസ് റോഡ് വെള്ളക്കെട്ടായി മാറി. വാഹനഗതാഗതവും കാൽ നടയാത്രയും ദുരിതമായി തീർന്നു.
ചാത്തന്നൂർ ജംഗ്ഷനിൽ തിരുവനന്തപുരം ഭാഗത്തേയ്്ക്കു ള്ള റോഡും ഗവ. ഹൈസ്കൂളിന് മുന്നിലെ റോഡുമാണ് വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ തടസം സൃഷ്ടിക്കുന്നത്. ദേശീയപാതയുടെ പ്രധാന റോഡ് ഉയരത്തിലാണ്. സർവീസ് റോഡിനോട് ചേർന്ന് ഓട നിർമിച്ചിട്ടുണ്ടെങ്കിലും സ്ലാബിലെ ദ്വാരങ്ങൾ അടഞ്ഞു പോയതിനാൽ വെള്ളം ഓടയിലേയ്ക്ക് വീഴാൻ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ്.
റീജണൽ സഹകരണബാങ്കിന്റെ മുൻവശം മുതൽഗവ. ഹൈസ്കൂൾ വരെയുള്ള ഭാഗത്താണ് ശക്തമായ വെള്ളക്കെട്ടുണ്ടായത്. ഈ ഭാഗത്തെ കടകളിലേയ്ക്ക് വെള്ളവും ചെളിയും കയറി. മഴ തോർന്ന ശേഷം കടകളിലെ വെള്ളം ഇറങ്ങിയെങ്കിലും ചെളി കെട്ടി കിടന്നു. കടകൾ തുറന്ന് ചെളി നീക്കം ചെയ്ത ശേഷമാണ് പ്രവർത്തനം തുടങ്ങിയത്.
ഗവ. ഹൈസ്കൂളിന് മുന്നിലൂടെയുള്ള റോഡും ഹൈവേയോട് ചേരുന്ന ഭാഗത്ത് വെള്ള കെട്ടായി മാറി. മുമ്പ്ഈ ഭാഗത്തെ കലുങ്കിലൂടെ വെള്ളം ഒഴുകി ചാത്തന്നൂർ തോട്ടിലെത്തുമായിരുന്നു. ഹൈവേയുടെ പുനർനിർമാണമായതോടെ കലുങ്ക് ഇല്ലാതായി. സ്കൂളിന് മുന്നിലെ നാല് കടകളിലും വെള്ളം കയറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജഹരീഷ് വെള്ളം കയറിയ കടകൾ സന്ദർശിച്ചു. വെള്ളക്കെട്ട്മാറും വരെ ഗതാഗതവും ദുഷ്കരമായിരുന്നു.