കൊട്ടിയൂർ പഞ്ചായത്ത് ഹരിതകർമ സേന അംഗങ്ങളുടെ നേതൃത്വത്തിൽ പാൽച്ചുരം പാതയിലെ സൈൻ ബോർഡ് വൃത്തിയാക്കുന്നു.
കൊട്ടിയൂർ: കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ കൊട്ടിയൂർ പഞ്ചായത്ത് ഹരിതകർമ സേനയുടെ സർജിക്കൽ സട്രൈക്ക്. ഒറ്റദിവസം കൊണ്ട് പാൽച്ചുരം റോഡരിക് ക്ലീൻ. പ്ലാസ്റ്റിക് കുപ്പികളും മറ്റ് നിരവധി മാലിന്യങ്ങളും റോഡിനിരുവശം തള്ളിയതാണ് ഹരിത കർമ സേന നീക്കം ചെയ്തത്. മാലിന്യം നീക്കം ചെയുന്നതിനൊപ്പം റോഡിലെ സൈൻ ബോർഡുകളും കഴുകി വൃത്തിയാക്കി.
ചെകുത്താൻ തോട് മുതൽ അമ്പായത്തോട് ടൗണിന് സമീപം വരെയാണ് ശുചീകരിച്ചത്. ഹരിതകർമ സേനയുടെ ഒരു ദിവസത്തെ പ്രവർത്തി മാറ്റിവച്ചാണ് ശുചീകരണത്തിനായി ഇറങ്ങിയത്. മദ്യകുപ്പികളാണ് വൻ തോതിൽ ശേഖരിച്ചത്.
കൂടാതെ പ്ലാസ്റ്റിക് കുപ്പികളും മറ്റ് വസ്തുക്കളും ശേഖരിച്ച് തരം തിരിച്ച് എംസിഎഫിൽ എത്തിച്ചു. ഹരിതകർമ സേന അംഗങ്ങളായ സിനു, ജിജി, ലിസി, ജിൻസി തുടങ്ങിയവരാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.
Tags : Harithakarma