മാനന്തവാടി: വയനാടിനെ അതിദാരിദ്ര്യമുക്ത ജില്ലയായി പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു പ്രഖ്യാപിച്ചു. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി-വർഗ വികസന വകുപ്പ് സംഘടിപ്പിച്ച വിഷൻ-2031 വേദിയിലാണ് പ്രഖ്യാപനം നടത്തിയത്.
അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയെന്ന സർക്കാരിന്റെ സുപ്രധാന ലക്ഷ്യമാണ് ജില്ല കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ 2,931 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കി. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണം, റവന്യു, ആരോഗ്യം, വനിതാ ശിശു വികസനം, പട്ടികവർഗം, പ്ലാനിംഗ്, വനം വകുപ്പുകളുടെയും കുടുംബശ്രീ, ലൈഫ് മിഷൻ എന്നിവയുടെയും കൂട്ടായ പ്രവർത്തനമാണ് നേട്ടം കൈവരിക്കാൻ സഹായകമായത്. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിൽ സർവേ നടത്തി 2,931 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഈ കുടുംബങ്ങളിലെ 4,533 വ്യക്തികൾ അതിദാരിദ്ര്യത്തിലാണെന്ന് തിരിച്ചറിഞ്ഞു.
ഇവരെ അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കാൻ 2,454 മൈക്രോപ്ലാൻ തയാറാക്കിയ സമയബന്ധിതമായി നടപ്പാക്കി. അർഹരായവർക്ക് നിയമപരവും ഭരണപരവുമായ അവകാശ രേഖകൾ ഉറപ്പാക്കാൻ ഊന്നൽ നൽകി. റേഷൻ, ആധാർ, തിരിച്ചറിയൽ, തൊഴിൽ കാർഡുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ, മറ്റ് ആവശ്യരേഖകളുടെ അഭാവം എന്നിവ പരിഹരിക്കാൻ അവകാശം അതിവേഗം എന്ന പേരിൽ പ്രത്യേക കാന്പയിൻ സംഘടിപ്പിച്ചു.
670 വ്യക്തികൾക്ക് രേഖകൾ ലഭ്യമാക്കി. അതിജീവനത്തിന് തടസമാവുന്ന അടിസ്ഥാന ആവശ്യങ്ങളുടെ കുറവ് പരിഹരിക്കാൻ സമഗ്ര ഇടപെടൽ നടത്തി. 952 കുടുംബങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഭക്ഷണ കിറ്റും ആവശ്യക്കാർക്ക് പാകം ചെയ്ത ഭക്ഷണവും ലഭ്യമാക്കി. 1,526 കുടുംബങ്ങൾക്ക് മരുന്നും പാലിയേറ്റീവ് സേവനവും ഉറപ്പാക്കി.
268 കുടുംബങ്ങൾക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളിലൂടെയും വരുമാന ലഭ്യത ഉറപ്പാക്കി. 377 കുടുംബങ്ങൾക്ക് പുതിയ വീട് നൽകി. 139 കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണം സാധ്യമാക്കി. ഭൂരഹിതരും ഭവനരഹിതരുമായ 116 കുടുംബങ്ങളിൽ 41 പേർക്ക് റവന്യു ഭൂമി നൽകി. 52 പേർക്ക് തദ്ദേശ സ്ഥാപനങ്ങൾ മുഖേനയും ഒരാൾക്ക് വനാവകാശ പ്രകാരവും ഭൂമി ലഭ്യമാക്കി. 22 കുടുംബങ്ങൾ സ്വന്തമായി ഭൂമി കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.
Tags : Wayanad poverty-free