നവീകരണമില്ലാതെ നശിക്കുന്ന പൊക്കുന്നി വലിയകുളം.
വടവന്നൂർ: നാലേക്കർ വിസ്തൃതിയിലുള്ള പൊക്കുന്നിക്കുളം പാഴ്ചെടികളും പായലും പടർന്ന് ഉപയോഗശൂന്യമായി. പ്രദേശത്തെ നെൽകൃഷിക്കും സമീപത്തെ താമസക്കാരായ നിരവധി കുടുംബങ്ങൾക്ക് കുളിക്കാനും ഉപയോഗപ്രദമായിരുന്നു കുളത്തിലെ ജലം. കുളത്തിൽ മത്സ്യങ്ങളും ധാരാളമായി ഉണ്ട്. ഇനിയും പായൽ മൂടിയാൽ മത്സ്യങ്ങൾ ഓക്സിജൻ ലഭിക്കാതെ ചാകുമെന്ന സാഹചര്യവുമുണ്ട്.
പ്രദേശത്തെ നാൽക്കാലികൾക്ക് കുടിവെള്ളത്തിനും ഈ ജലസംഭരണി ഉപകരിച്ചിരുന്നു. സ്ഥലം ഉടമകളായ കുടുംബക്കാർ തമ്മിലുള്ള തർക്കമാണ് കുളം ഉപയോഗശൂന്യമായിപ്പോവുന്നതിന് കാരണം.
പഞ്ചായത്തധികൃതർ വിഷയത്തിൽ ഇടപെട്ട് കുളം നവീകരിച്ച് ഉപയോഗയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Tags : Pokkunni