ആലപ്പുഴ റവന്യു ജില്ലാ ശാസ്ത്രോത്സവം മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
മാവേലിക്കര: ആലപ്പുഴ റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഒന്നാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചേര്‍ത്തല ഉപജില്ല മുന്നില്‍. ആകെയുള്ള 221ല്‍ 121 മത്സരങ്ങളുടെ ഫലം വന്നപ്പോള്‍ ചേര്‍ത്തല ഉപജില്ല 1135 പോയിന്റോടെ ഓന്നാമതും ആലപ്പുഴ ഉപജില്ല 914 പോയിന്റോടെ രണ്ടാമതും കായംകുളം ഉപജില്ല 887 പോയിന്റോടെ മൂന്നാം സ്ഥാനത്തും എത്തി.
സ്കൂള്‍ തലത്തില്‍ ഹരിപ്പാട് ഗവ. ജിഎച്ച്എസ്എസ് 204 പോയിന്റോടെ ഒന്നാം സ്ഥാനത്തും താമരക്കുളം വിവിഎച്ച്എസ് 196 പോയിന്റോടെ രണ്ടാം സ്ഥാനത്തും പൂങ്കാവ് എംഐഎച്ച്എസ് 181 പോയിന്റോടെ മൂന്നാം സ്ഥാനത്തും എത്തി.
നിലവില്‍ നടന്ന ഇനങ്ങളില്‍ ശാസ്ത്ര മേളയില്‍ ചേര്‍ത്തല ഉപജില്ല 90 പോയിന്റോടെ ഒന്നാമതും, ആലപ്പുഴ ഉപജില്ല 86 പോയിന്റോടെ രണ്ടാമതും കായംകുളം ഉപജില്ല 72 പോയിന്റോടെ മൂന്നാമതും എത്തിയിട്ടുണ്ട്.
ഗണിതശാത്രമേളയില് ആലപ്പുഴ ഉപജില്ല 148 പോയിന്റോടെ ഒന്നാമതും കായംകുളം ഉപജില്ല 119 പോയിന്റോടെ രണ്ടാം സ്ഥാനത്തും തുറവൂര്‍ ഉപജില്ല 115 പോയിന്റോടെ മൂന്നാം സ്ഥാനത്തും എത്തി.
റവന്യു ജില്ലാ ശാസ്ത്രമേളകളും ചെങ്ങന്നൂര്‍ റീജണ്‍ സ്കില്‍ ഫെസ്റ്റും മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. മാവേലിക്കര നഗരസഭാധ്യക്ഷന്‍ നൈനാന് സി. കുറ്റിശേരില്‍ അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് കളിക്കല് അനുഗ്രഹ പ്രഭാഷണം നടത്തി.
എസ്. രാജേഷ്, കെ. സുധ, സജി സുരേന്ദ്രന്, ഡോ. കെ.ജെ. ബിനു, എച്ച്. റീന, ഡാനിയല്‍ ജോര്‍ജ്, ഷൈനി തോമസ്, സി. ജ്യോതികുമാര്‍ ആര്. തനുജ, കെ.എസ്. അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.എസ്. ശ്രീലത സ്വാഗതവും പോരുവഴി ബാലചന്ദ്രന് നന്ദിയും പറഞ്ഞു.