ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഭീഷണികളിലൊന്നായി ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് മാറിയതായി രാഷ്ട്രപതി ദ്രൗപദി മുർമു. ഐപിഎസ് പ്രൊബേഷൻ ഉദ്യോഗസ്ഥരുമായി രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.
ഇത്തരം തട്ടിപ്പ് വലിയ ഭീഷണിയായി തുടരുന്നതിൽ ആശങ്കയുണ്ട്. ഏകദേശം പത്തു വർഷം മുന്പ് ഡിജിറ്റൽ അറസ്റ്റ് എന്ന പദപ്രയോഗം മനസിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇക്കാലത്ത് സാധാരണക്കാർക്ക് ഏറെ ഭീഷണി നൽകുന്ന ഒരു പദമായി അതു മാറിയെന്നും രാഷ്ട്രപതി പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെയും കോടതിയുടെയും പേരിൽ ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേന സാധാരണക്കാരിൽനിന്നു പണം കവരുന്ന സമീപകാല സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും കാര്യത്തിൽ ഏറെ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ പലരുമിത് തെറ്റായി ഉപയോഗിക്കുന്നതിനാൽ നിയമപാലകർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.
സാങ്കേതികവിദ്യകളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നിയമപാലകർ ഒരുപടി മുന്നിലായിരിക്കണമെന്ന മുന്നറിയിപ്പും രാഷ്ട്രപതി നൽകി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെതിരേ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ ഒരു സ്ഥാപനവും ഡിജിറ്റൽ അറസ്റ്റ് എന്ന നടപടി സ്വീകരിക്കില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണങ്ങളെല്ലാം സിബിഐയെ ഏൽപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
Tags : Digital arrest Draupadi Murmu fraud