അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി വജ്രജൂബിലിയിൽ. ലിറ്റിൽ ഫ്ലവർ ആശുപത്രിയോടനുബന്ധിച്ച് 1964 ൽ ആരംഭിച്ച നേത്ര ചികിത്സാ വിഭാഗത്തിലൂടെ കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ കാഴ്ചയുടെ ലോകത്ത് മികച്ച സേവനം സ്വന്തമാക്കിയവർ അനേകരാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു.
ഡോ എം.എസ്. ശുക്ല ആയിരുന്നു നേത്രചികിത്സാവിഭാഗത്തിൽ ആദ്യത്തെ ഡോക്ടർ. 1969 ൽ ഡോ.ടോണി ഫെർണാണ്ടസ് ചുമതലയേറ്റു. 1970 ൽ ഇന്ത്യയിൽ സ്വകാര്യമേഖലയിലെ ആദ്യ നേത്ര ബാങ്ക് എൽഎഫിൽ സ്ഥാപിക്കപ്പെട്ടു. ആദ്യ കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ , കണ്ണിനകത്തു ലെൻസ് വച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയ, സ്കൂൾ വിദ്യാർഥികൾക്കായി ആദ്യ നേത്രരക്ഷാപദ്ധതി എന്നിവ കേരളത്തിൽ ആദ്യം നടപ്പിലാക്കി. സൗജന്യ നേത്രചികിത്സാ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചു.
2008 ൽ ഈ രംഗത്തെ നേട്ടങ്ങൾക്കു രാജ്യം ഡോ. ടോണി ഫെർണാണ്ടസിനു പത്മശ്രീ നൽകി ആദരിച്ചത് എൽഎഫിനുള്ള അംഗീകാരം കൂടിയായി. 1982 ല്‍ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നേത്ര ചികിത്സാ വിഭാഗം സിബിഎം ഒഫ്താൽമിക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ നാല് നിലകളുള്ള പ്രത്യേക കെട്ടിടത്തിലേക്ക് മാറി. 2012 ൽ എട്ടു നിലകളുള്ള പുതിയ ബഹുനില കെട്ടിടത്തിലേക്ക് നേത്ര ചികിത്സാകേന്ദ്രം മാറി.
ആഘോഷം നാളെ
അങ്കമാലി ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും ആശുപത്രി സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.
നവീകരിച്ച ലാബ്, ലിറ്റിൽ ഫ്ളവർ ഡയഗ്നോസ്റ്റിക് ആൻഡ് റിസർച്ച് സെന്റർ എന്നിവയുടെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ ഫാ. ആന്റോ ചേരാംതുരുത്തി നിർവഹിക്കും.
റോജി എം. ജോൺ എംഎൽഎ, ബസലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, നേത്രചികിത്സ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. നേത്രവിഭാഗത്തില്‍ 25 വര്‍ഷത്തില്‍ കൂടുതല്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവരെ ആദരിക്കും.
Tags : Little Flower Hospital and Research Centre Angamaly Ernakulam