ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വര മുന്നറിയിപ്പ്. കിണർ വെള്ളത്തിന്റെ സാമ്പിൽ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധന നടത്തിയപ്പോഴാണ് രോഗാണു സാന്നിധ്യം തിരിച്ചറിഞ്ഞത്. ചിറക്കര ഇടവട്ടം സ്വദേശിയായ ഒരാൾ കുഴഞ്ഞുവീണു. കാൻസർ രോഗിയായിരുന്നതിനാൽ ചികിത്സ നടത്തി കൊണ്ടിരുന്ന റീജിയണൽ കാൻസർ സെന്ററിലെത്തിച്ചു.
പല പഞ്ചായത്തുകളിലും അമീബിക് മസ്തിഷ്ക ജ്വര ഭീഷണിയുള്ളതിനാൽ കുഴഞ്ഞു വീണ ആളിന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
കിണർ വെള്ളത്തിൽ രോഗാണു സാന്നിധ്യം കണ്ടെത്തിയെങ്കിലും രോഗിയിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെന്ന് ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജന ബാബു പറഞ്ഞു. രോഗി മരണമടഞ്ഞു.
ഗ്രാമീണ പ്രദേശമായ ചിറക്കരയിലെ കുളങ്ങളിലും തോടുകളിലും കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കിണർ വെള്ളമായാലും ജപ്പാൻ കുടിവെള്ളമായാലും തിളപ്പിച്ച് ആറ്റി മാത്രമേ ഉപയോഗിക്കാവൂ. കിണറുകളിൽ ക്ലോറിനേഷൻ നടത്തി വരികയാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
Tags : kerala Amoebicencephalitis keralahealthdepartment keralagovernment