നൂൽപ്പുഴ മാറോട് കാട്ടുനായ്ക്ക ഉന്നതിയിലെ വെള്ളനും കുടുംബവും താമസിക്കുന്ന ഒറ്റമുറി വീട്.
സുൽത്താൻ ബത്തേരി: രോഗിയായ കുട്ടിയെയെങ്കിലും കട്ടിലിൽ മഴ നനയാതെ കിടത്തണമെന്ന് ആഗ്രഹമുണ്ട്. എന്തുചെയ്യാം. ചോർന്നൊലിക്കാത്ത വീട് ഉണ്ടങ്കിലല്ലേ ഇതു നടക്കൂ.
വാസയോഗ്യമായ വീട് സ്വപ്നമായി അവശേഷിക്കുകയാണ്-നൂൽപ്പുഴ മാറോട് കാട്ടുനായ്ക്ക ഉന്നതിയിലെ വെള്ളന്റേതാണ് ഈവാക്കുകൾ. ഭാര്യ മാച്ചി, മകൾ ഓമന, ഇവരുടെ ഓട്ടിസം ബാധിച്ച 12 വയസുള്ള മകൾ, ഓമനയുടെ സഹോദരി എന്നിരടങ്ങുന്നതാണ് വെള്ളന്റെ കുടുബം.
മഴയത്ത് നനഞ്ഞൊലിക്കുന്ന ഒറ്റമുറിക്കൂരയിലാണ് വർഷങ്ങളായി ഇവരുടെ ജീവിതം. ഓട്ടിസം ബാധിച്ച കുട്ടിക്ക് തണുപ്പ് അധികമടിച്ചാൽ ബുദ്ധിമുട്ടേറും. എന്നിട്ടും കൂരയിൽ നിലത്തു പായ വിരിച്ചാണ് കുട്ടിയെ കിടത്തുന്നത്.
വീടിന് പലവട്ടം അപേക്ഷിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് ഓമന പറയുന്നു. മകൾ രോഗിയാണെന്ന് കണ്ടതോടെ ഭർത്താവ് ഉപേക്ഷിച്ചതാണ് ഓമനയെ. അധികാരികൾ തങ്ങളുടെ ദുരിതത്തിലേക്ക് ഇനിയെങ്കിലും കണ്ണുതുറക്കണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.