കൽപ്പറ്റ: മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹനത്തിനു മഡ് ഫെസ്റ്റുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ. ത്രിതല പഞ്ചായത്ത്, വിവിധ വകുപ്പുകൾ, ടൂറിസം മേഖലയിലെ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ആറ് മുതൽ 14 വരെയാണ് മഡ് ഫെസ്റ്റ് നടത്തുന്നതെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്,
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജയൻ ചെറുകര, കെ. അനിൽകുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത്, ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ് എന്നിവർ അറിയിച്ചു.
മിനി മാരത്തണ്‍, ഫുട്ബോൾ, വടംവലി, കയാക്കിംഗ്, ട്രക്കിംഗ്, വോളിബോൾ, ക്രിക്കറ്റ്, കബഡി, പഞ്ചഗുസ്തി മത്സരങ്ങൾ മഡ് ഫെസ്റ്റിന്റെ ഭാഗമാണ്. വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. ആറിന് മിനി മാരത്തണോടെയാണ് മഡ് ഫെസ്റ്റിന് തുടക്കം. രാവിലെ ഒൻപതിന് പനമരത്തുനിന്ന് വള്ളിയൂർക്കാവിലേക്കാണ് മാരത്തണ്‍.
മാനന്തവാടി താലൂക്കുതല ഫുട്ബോൾ മത്സരം, ജില്ലാതല വോളിബോൾ മത്സരം എന്നിവ ഏഴ്, എട്ട് തീയതികളിൽ മാനന്തവാടി വള്ളിയൂർക്കാവിന് സമീപവും ബത്തേരി താലൂക്കുതല ഫുട്ബോൾ മത്സരം ഒൻപതിനു നൂൽപ്പുഴ കല്ലൂരിലും നടത്തും. സംസ്ഥാനതല കയാക്കിംഗ്(ഡബിൾ)മത്സരം 10ന് തരിയോട് കർലാട് തടാകത്തിലാണ്.
വൈത്തിരി താലൂക്ക്, ജില്ലാ, സംസ്ഥാനതല ഫുട്ബോൾ മത്സരം, വടംവലി, കബഡി, പഞ്ചഗുസ്തി മത്സരങ്ങൾ 11 മുതൽ 14 വരെ കാക്കവയൽ മഡ് സ്റ്റേഡിയത്തിൽ നടത്തും. ജില്ലയിലെ വിവിധ വകുപ്പുകൾ, മാധ്യമപ്രവർത്തകർ, ടൂറിസം രംഗത്തെ സംഘടനകൾ എന്നിവയ്ക്കായി 12ന് കാക്കവയലിൽ ഫുട്ബോൾ മത്സരം ഉണ്ടാകും.