Image Source: Volvo official website
സ്വീഡിഷ് വാഹനനിർമാതാക്കളായ വോൾവോയുടെ ഏറ്റവും ചെറിയ ഇലക്ട്രിക് എസ്യുവി ഇഎക്സ് 30 ഇന്ത്യൻ വിപണിയിൽ എത്തി. വോൾവോയുടെ മറ്റ് മോഡലുകളോട് ഏറെ സാമ്യമുള്ള വാഹനമാണിത്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാർ നിർമാതാക്കളിൽനിന്ന് താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന ഏറ്റവും സുരക്ഷയേറിയ എസ്യുവി മോഡലാണ് ഇഎക്സ് 30. 41 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
ഗീലിയുടെ എസ്ഇഎ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചിരിക്കുന്ന വാഹനം 69 കിലോവാട്ട് സിംഗിൾ ബാറ്ററി പാക്കുമായാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് ബാറ്ററി ഓപ്ഷനുകളുമായാണ് ഈ മോഡൽ എത്തുന്നത്.
272 എച്ച്പി കരുത്തും 343 എൻഎം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ് ഇഎക്സ് 30ന്റേത്. ഒറ്റ ചാർജിംഗിൽ 480 കിലോമീറ്റർ റേഞ്ച് കന്പനി വാഗ്ദാനം ചെയ്യുന്നു.
180 കിലോമീറ്റർ മാക്സിമം സ്പീഡ് കൈവരിക്കുന്ന ഈ ഇലക്ട്രിക് എസ്യുവി 0 - 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.3 സെക്കൻഡ് മതി. എട്ട് വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റി വോൾവോ വാഗ്ദാനം ചെയ്യുന്നു.
11 കിലോവാട്ട് ചാർജർ സ്റ്റാൻഡേർഡായി ലഭിക്കും. സുരക്ഷയുടെ കാര്യത്തിൽ പേരുകേട്ട വോൾവോ യൂറോ എൻസിഎപിയുടെ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗോടെയാണ് ഇഎക്സ് 30 റോഡിലിറക്കിയിരിക്കുന്നത്.
ഏഴ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ഓട്ടോ ഹെഡ്ലൈറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കണ്ട്രോൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ലെവൽ 2 അഡാസ് സ്യൂട്ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ വാഹനത്തിലുണ്ട്.
വാഹനത്തിന്റെ രൂപകൽപ്പനയുടെ കാര്യത്തിൽ വോൾവോ ഇഎക്സ് 90 മായി വളരെ സാമ്യമുള്ളതാണ് ഇഎക്സ് 30. എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ക്ലോസ്ഡ് ഓഫ് ഗ്രിൽസ്, ഹാമറിനോട് സാമ്യതയുള്ള ഡിആർഎല്ലുകൾ, സ്ലിം എൽഇഡി ഹെഡ്ലൈറ്റുകൾ, പിക്സലേറ്റഡ് റിയർ ലൈറ്റ്സ്, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തെ മനോഹരമാക്കുന്നു.
ഡ്യുവൽ ടോണ്‍ ലൈറ്റ് ഗ്രേ, ബ്ലാക്ക് തീം കാബിനാണ് വാഹനത്തിന്. അഞ്ച് ആംബിയന്റ് ലൈറ്റിംഗ് തീമുകളും അകത്തളത്തിന് ലഭിക്കും.
12.3 ഇഞ്ച് വെർട്ടിക്കൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൗണ്ട് ബാറുള്ള 9 സ്പീക്കർ ഹർമൻ കാർഡണ്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, വയർലെസ് ഫോണ്‍ ചാർജർ, എൻഎഫ്സി സ്മാർട്ട് കാർഡുള്ള ഡിജിറ്റൽ കീ പ്ലസ്, പവർഡ് ടെയിൽഗേറ്റ് തുടങ്ങി നിരവധി ഫീച്ചറുകൾ ഈ ഇവിയിലുണ്ട്.
ഒനിക്സ് ബ്ലാക്ക്, ക്ലൗഡ് ബ്ലൂ, ക്രിസ്റ്റൽ വൈറ്റ്, മോസ് യെല്ലോ, വേപ്പർ ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ ഇഎക്സ് 30 ലഭിക്കും. കർണാടകയിലെ ഹൊസക്കോട്ടെ പ്ലാന്റിൽനിന്നാണ് വാഹനം അസംബിൾ ചെയ്ത് ഇന്ത്യൻ നിരത്തിലെത്തുന്നത്.
ബിഎംഡബ്ല്യു ഐഎക്സ് 1, ഹ്യുണ്ടായി അയോണിക് 5, ബിവൈഡി സീലിയൻ 7 എന്നിവരാണ് ഇഎക്സ് 30ന്റെ എതിരാളികൾ.
Tags : Volvo Electric Cars