മെഡലിനായി മനു ഭാകർ
Sunday, July 28, 2024 1:10 AM IST
പാരീസ്: പാരീസ് ഒളിന്പിക്സിന്റെ ആദ്യദിനത്തിൽ ഷൂട്ടിംഗിൽ ഇന്ത്യക്ക് ആശ്വസിക്കാൻ മനു ഭാകറുടെ ഫൈനൽ പ്രവേശനം. ഇതോടെ ഇന്ത്യക്കു പാരീസിൽ ആദ്യ മെഡലെന്ന പ്രതീക്ഷയായി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യതാ റൗണ്ടിലെ 60 ഷോട്ടുകളിൽ 580 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയാണു ഭാകർ ഫൈനലിലെത്തിയത്. 27 ഇന്നർ സർക്കിൾ 10 (27x) ഇന്ത്യൻ ഷൂട്ടർ നേടി.
യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ 27x ഇന്ത്യൻതാരത്തിനാണ്. ഈ ഇനത്തിൽ മത്സരിച്ച റിഥം സാങ്വാന് 15-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ആദ്യ എട്ടു സ്ഥാനക്കാരാണു ഫൈനലിൽ പ്രവേശിക്കുക.
ഷൂട്ടിംഗിൽ നിരാശ
മനു ഭാകർ ഇന്ത്യക്ക് ആശ്വാസമായപ്പോൾ മറ്റു ഷൂട്ടർമാർ നിരാശപ്പെടുത്തി. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീമിൽ രമിത ജിൻഡാൽ-അർജുൻ ബബുത സഖ്യത്തിനും സന്ദീപ് സിംഗ്-ഇലവേനിൽ വാളറിവൻ കൂട്ടുകെട്ടിനും മെഡൽ റൗണ്ടിൽ പ്രവേശിക്കാനായില്ല. യോഗ്യതാ ഘട്ടത്തിൽ ജിൻഡാൽ-അർജുൻ ബബുത സഖ്യം ആറാമതായപ്പോൾ സന്ദീപ് സിംഗ്-ഇലവേനിൽ വാളറിവൻ സഖ്യം 12-ാമതുമായി.
പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ സരബ്ജോത് സിംഗിന് മെഡൽ റൗണ്ടിലെത്താനായില്ല. എട്ടു സ്ഥാനക്കാരാണു ഫൈനലിലെത്തുക. 60 ഷോട്ടുകൾ പൂർത്തിയാക്കിയപ്പോൾ 577 പോയിന്റുമായി സരബ്ജോത് സിംഗ് ഒന്‍പതാം സ്ഥാനത്തായി.
ഇത്രതന്നെ പോയിന്റാണ് എട്ടാം സ്ഥാനത്തുണ്ടായിരുന്ന ജർമനിയുടെ റോബിൻ വാൾട്ടറിനുണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ ഷൂട്ടറെക്കാൾ കൂടുതൽ വണ്‍ ഇന്നർ-10 കൂടുതൽ തവണ നേടിയതാണ് ഇന്ത്യ താരത്തിന്റെ പുറത്താക്കലിനു കാരണമായത്. മറ്റൊരു ഇന്ത്യൻ ഷൂട്ടറായ അർജുൻ സിംഗ് ചീമയ്ക്ക് 18-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.