ഐഎസ്എല്‍ ആദ്യ സെമിയില്‍ ബംഗളൂരു x ഗോവ രാത്രി 7.30ന്
Wednesday, April 2, 2025 12:07 AM IST
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2024-25 സീസണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. രാത്രി 7.30നു നടക്കുന്ന ആദ്യ സെമിയില്‍ ബംഗളൂരു എഫ്സിയും എഫ്സി ഗോവയും ഏറ്റുമുട്ടും. ബംഗളൂരു എഫ്സിയുടെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.
ദേശീയ ടീമിലേക്കു മടങ്ങിയെത്തിയ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിനെ നയിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പ്രതിരോധകോട്ടയില്‍ നിര്‍ണായക സാന്നിധ്യമായ സന്ദേശ് ജിങ്കനാണ് എഫ്സി ഗോവയുടെ ഡിഫെന്‍സ് നിയന്ത്രിക്കുക. ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായ മാനോലൊ മാര്‍ക്വെസിന്റെ ശിക്ഷണത്തിലാണ് എഫ്സി ഗോവ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. സ്പാനിഷുകാരനായ ജെറാര്‍ഡ് സരഗോസയാണ് ബംഗളൂരു എഫ്സിയുടെ മുഖ്യപരിശീലകന്‍.
വന്നവഴി
ലീഗ് റൗണ്ടില്‍ 24 മത്സരങ്ങളില്‍ 48 പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത് എഫ്സി ഗോവ നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി. 38 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന ബംഗളൂരു എഫ്സി, ആറാം സ്ഥാനക്കാരായിരുന്ന മുംബൈ സിറ്റി എഫ്സിയെ നോക്കൗട്ട് പ്ലേ ഓഫില്‍ 5-0നു കീഴടക്കിയാണ് സെമി ടിക്കറ്റ് സ്വന്തമാക്കിയത്.
13 ഗോള്‍ നേടിയ സുനില്‍ ഛേത്രിയാണ് ബംഗളൂരു നിരയിടെ ടോപ് സ്കോറര്‍. അര്‍മാന്‍ഡോ ദുരിം സാദിക്കുവാണ് (ഒമ്പത് ഗോള്‍) എഫ്സി ഗോവയുടെ ടോപ് സ്കോറര്‍.
നേര്‍ക്കുനേര്‍
ഇരുടീമും നേര്‍ക്കുനേര്‍ ഇറങ്ങിയ അവസാന നാലു മത്സരത്തിലും എഫ്സി ഗോവ പരാജയം അറിഞ്ഞിട്ടില്ല. 2024-25 സീസണില്‍ ലീഗ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ എഫ്സി ഗോവ 3-0നു ഹോം ജയം സ്വന്തമാക്കിയപ്പോള്‍ എവേ പോരാട്ടത്തില്‍ 2-2നു സമനിലയില്‍ പിരിഞ്ഞു.
ഹോം മത്സരത്തില്‍ ഗോവയ്ക്കെതിരേ ബംഗളൂരു എഫ്സിയുടെ റിക്കാര്‍ഡ് ആശ്വാസകരമാണ്. അവസാന ആറ് ഹോം മത്സരത്തില്‍ നാല് എണ്ണത്തില്‍ ജയവും രണ്ട് എണ്ണത്തില്‍ സമനിലയും ബംഗളൂരു സ്വന്തമാക്കി.
ഐഎസ്എല്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലും ബംഗളൂരു എഫ്സിക്കാണു മുന്‍തൂക്കം. ഇതുവരെ 17 തവണ ഇരുടീമും ഐഎസ്എല്ലില്‍ കൊമ്പുകോര്‍ത്തു. അതില്‍ ഏഴ് ജയം ബംഗളൂരു സ്വന്തമാക്കിയപ്പോള്‍ ഗോവക്കാര്‍ അഞ്ച് എണ്ണത്തില്‍ വെന്നിക്കൊടി പാറിച്ചു. അഞ്ച് മത്സരം സമനിലയില്‍ കലാശിച്ചു.
2018-19 സീസണില്‍ എഫ്സി ഗോവയെ ഫൈനലില്‍ കീഴടക്കിയായിരുന്നു ബംഗളൂരുവിന്റെ കന്നി ഐഎസ്എല്‍ ട്രോഫി നേട്ടം. ഫൈനല്‍ തോല്‍വിക്കു ബംഗളൂരുവിനോടു കണക്കു തീര്‍ക്കുകയും ഒപ്പം കന്നി കപ്പ് നേട്ടവുമാണ് ഗോവയുടെ ലക്ഷ്യം.