സൂപ്പർ ലക്നോ
Wednesday, May 1, 2024 2:07 AM IST
ലക്നോ: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ ലക്നോ സൂപ്പർ ജയന്റ്സിന് നാലു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ ഏഴു വിക്കറ്റിന് 144 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിൽ ലക്നോ ആറു വിക്കറ്റ് നഷ്ടത്തിൽ 19.2 ഓവറിൽ 145 റൺസ് നേടി.
നാലു വിക്കറ്റിന് 27 റണ്‍സ് എന്ന നിലയിൽ തകർച്ചയിലായിരുന്ന മുംബൈയെ നെഹാൽ വദേര (46), ഇഷാൻ കിഷൻ (32), ടിം ഡേവിഡ് (35*) എന്നിവരുടെ പ്രകടനമാണ് മാന്യമായ സ്കോറിലെത്തിച്ചത്. മോസിൻ ഖാൻ രണ്ടു വിക്കറ്റും മാർകസ് സ്റ്റോയിനിസ്, നവീൻ ഉൾ ഹഖ്, മായങ്ക് യാദവ്, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഗുജറാത്ത് ടൈറ്റൻസിനെതിരേയുള്ള മത്സരത്തിനിടെ പരിക്കേറ്റ നാലു മത്സരങ്ങളിൽ പുറത്തായിരുന്ന പേസർ മായങ്ക് യാദവ് തിരിച്ചുവന്ന മത്സരമായിരുന്നു. എന്നാൽ വീണ്ടും പരിക്കേറ്റെന്ന സംശയത്തിലാണ്. ഓവർ പൂർത്തിയാക്കാതെയാണ് താരം മടങ്ങിയത്.
മറുപടി ബാറ്റിംഗിൽ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായ ലക്നോവിനെ മാർകസ് സ്റ്റോയിനിസ് (62) വിജയ ത്തിലെത്തിച്ചു.