ഹാര്‍ദിക് ഔട്ട് പ്രസിദ്ധ് ഇന്‍
Sunday, November 5, 2023 12:47 AM IST
കോല്‍ക്കത്ത: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി പേസ് ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്ത്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ വമ്പന്‍ പോരാട്ടത്തിനു മുമ്പായാണ് ഹാര്‍ദിക് ടീമിനു പുറത്താണെന്ന വിവരം ബിസിസിഐ പുറത്തുവിട്ടതെന്നതും ശ്രദ്ധേയം.
ലീഗ് റൗണ്ടില്‍ ഒക്ടോബർ 19ന് നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കാല്‍ക്കുഴയ്ക്കേറ്റ പരിക്കിനെത്തുടര്‍ന്നാണ് ഹാര്‍ദിക്കിനു പുറത്തു പോകേണ്ടിവന്നത്. ഹാര്‍ദിക്കിന്റെ പകരക്കാരനായി പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തി.
താളം തെറ്റുമോ?
ഇന്ത്യന്‍ ടീമിലെ ഏക പേസ് ബൗളിംഗ് ഓള് റൗണ്ടറായിരുന്നു ഹാര്‍ദിക്. ഇതോടെ ആറാം ബൗളര്‍ എന്ന ആനുകൂല്യം ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ കളിച്ച മത്സരങ്ങളില്‍ നാല് സ്പെഷല്‍ ബൗളര്‍മാരെയും സ്പിന്‍ ഓള് റൗണ്ടറായി രവീന്ദ്ര ജഡേജയെയുമാണ് ഇന്ത്യ പ്ലേയിംഗ് ഇലവണില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഷാര്‍ദുള്‍ ഠാക്കൂര്‍ ടീമിലുണ്ടെങ്കിലും പേസ് ഓള് റൗണ്ടറിന്റെ ഫലം ലഭിക്കില്ലെന്നതാണ് പ്രശ്നം.
പ്രസിദ്ധിനെതിരേ ആക്രമണം
അതേസമയം, ഹാര്‍ദിക് പാണ്ഡ്യക്കു പകരമായി പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരേ ഒരുപറ്റം ക്രിക്കറ്റ് ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. 2019 ലോകകപ്പിനിടെ വിജയ് ശങ്കറിനെ ടീമിലുള്പ്പെടുത്തിയതിനോടാണ് പ്രസിദ്ധിന്റെ വരവിനെ ചിലര്‍ ഉപമിച്ചത്.
എന്നാൽ, നിലവില്‍ ഇന്ത്യന്‍ ടീമിലെ ബാറ്റര്‍മാര്‍ ഫോമിലാണെന്നും ഒരു ബാക്കപ്പ് പേസര്‍ ഇല്ലാത്തതിനാലാണ് പ്രസിദ്ധ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതെന്നുമാണ് മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ വിശദ്ധീകരണം. രാജ്യാന്തര അരങ്ങേറ്റത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ഏക ഇന്ത്യന്‍ പേസറാണ് പ്രസിദ്ധ്.