കീവിസ് വീര്യം
Sunday, March 30, 2025 12:46 AM IST
നേപ്പിയർ: പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. തകർപ്പനടികളുമായി കളം നിറഞ്ഞ കീവികൾ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 344 റണ്‍സെടുത്തു. ഒരു ഘട്ടത്തിൽ ത്രില്ലർ ക്ലൈമാക്സ് പ്രതീക്ഷിച്ച മത്സരത്തിൽ പക്ഷെ പാക്കിസ്ഥാൻ 73 റണ്‍സിന്റെ തോൽവി ഏറ്റുവാങ്ങി.
സ്വന്തം തട്ടകത്തിലെ നേപ്പിയർ മക്ലീന് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആധികാരിക ജയം നേടിയ ന്യൂസിലൻഡ് മൂന്ന് മത്സര ഏകദിന പരന്പരയിൽ 1-0ന് മുന്നിലെത്തി. സ്കോർ: ന്യൂസിലൻഡ്: 50 ഓവറിൽ 344/9. പാക്കിസ്ഥാൻ: 44.1 ഓവറിൽ 271.
മാർക് ചാപ്മാന്റെ 111 പന്തിൽ 132 റണ്‍സ് സെഞ്ചുറി മികവിലാണ് ന്യൂസിലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഡാരൽ മിച്ചലുമൊത്ത് 199 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ട് നിർണായകമായി. മിച്ചൽ 84 പന്തിൽ 76 റണ്‍സ് നേടി. കീവികൾക്കായി ഏകദിന അരങ്ങേറ്റം നടത്തിയ മുഹമ്മദ് അബ്ബാസ് അതിവേഗ റിക്കാർഡ് അർധസെഞ്ചുറി കുറിച്ചതോടെ സ്കോർ 344ലെത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 39-ാം ഓവറിൽ 249-3 എന്ന മികച്ച നിലയിലായിരുന്നു. എന്നാൽ ബാബർ അസം പുറത്തായതോടെ പാക്കിസ്ഥാൻ കൂട്ടത്തകർച്ച നേരിട്ടു.
22 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമാക്കിയാണ് പാക്കിസ്ഥാൻ വൻ തോൽവി വഴങ്ങിയത്. ഏപ്രിൽ രണ്ടിന് രണ്ടാം മത്സരം നടക്കും.
ഏകദിന അരങ്ങേറ്റത്തിൽ അതിവേഗ 50 ; ഇനി അവകാശി മുഹമ്മദ് അബ്ബാസ്
ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ അർധ സെഞ്ചുറിയുടെ ലോക റിക്കാർഡ് ഇനി ന്യൂസിലൻഡ് താരം മുഹമ്മദ് അബ്ബാസിന്റെ പേരിൽ. പാക്കിസ്ഥാനെതിരേ 24 പന്തിൽ അർധസെഞ്ചുറി തികച്ചാണ് മുഹമ്മദ് അബ്ബാസ് ലോക റിക്കാർഡ് സ്വന്തം പേരിൽ കുറിച്ചത്.
ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ അർധസെഞ്ചുറി തികച്ച ഇന്ത്യയുടെ ക്രുനാൽ പാണ്ഡ്യയുടെ പേരിലുള്ള റിക്കാർഡാണ് മുഹമ്മദ് അബ്ബാസ് തകർത്തത്. 2021ൽ ഇംഗ്ലണ്ടിനെതിരേ ആയിരുന്നു ക്രുനാൽ പാണ്ഡ്യ 26 പന്തിൽ അർധസെഞ്ചുറി തികച്ച് ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ ഫിഫ്റ്റിയുടെ റിക്കാർഡ് സ്വന്തമാക്കിയത്.
പാക്കിസ്ഥാനെതിരേ ന്യൂസിലൻഡിനായി ആറാം നന്പറിലാണ് 21കാരനായ മുഹമ്മദ് അബ്ബാസ് ബാറ്റിംഗിനിറങ്ങിയത്. ക്രീസിലെത്തിയതിന് പിന്നാലെ തകർത്തടിച്ച അബ്ബാസ് കിവീസ് സ്കോർ 350ന് അടുത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 26 പന്തിൽ അബ്ബാസ് 52 റണ്‍സെടുത്തു.
ക്രുനാൽ പാണ്ഡ്യക്ക് പുറമെ വെസ്റ്റ് ഇൻഡീസിന്റെ അലിക് അൽതാനസെയും ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ അർധസെഞ്ചുറി തികച്ചിട്ടുണ്ട്. 2021ൽ ഇന്ത്യയുടെ ഇഷാൻ കിഷൻ 33 പന്തിൽ ശ്രീലങ്കയ്ക്കെതിരേ അർധസെഞ്ചുറി തികച്ചിട്ടുണ്ട്.