ബാസ്കറ്റ്ബോൾ: ഇന്ത്യക്കു ക്വാർട്ടറിൽ തോൽവി
Monday, March 31, 2025 1:28 AM IST
സിംഗപ്പുർ സിറ്റി: ഫിബ 3x3 ഏഷ്യകപ്പ് ബാസ്കറ്റ്ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്റെ കുതിപ്പ് ക്വാർട്ടറിൽ അവസാനിച്ചു. ലോക റാങ്കിംഗിൽ 22-ാം സ്ഥാനത്തുള്ള ന്യൂസിലൻഡിനോട് 21-11നാണ് 67-ാം സ്ഥാനക്കാരായ ഇന്ത്യൻ ടീം തോറ്റത്.
തുടക്കത്തിൽ 4-2ന് ലീഡ് നേടാൻ ഇന്ത്യക്കായി. എന്നാൽ തുടർച്ചയായി പോയിന്റുകൾ നേടിയ ന്യൂസിലൻഡ് 10-4ന് മുന്നിലെത്തി. തിരിച്ചടിച്ച ഇന്ത്യ ന്യൂസിലൻഡിന്റെ ലീഡ് 10-8ലേക്കു ചുരുക്കി. ആധിപത്യം പുലർത്തിയ ന്യൂസിലൻഡിന്റെ ബാസ്കറ്റിൽ പിന്നീട് മൂന്നു തവണ കൂടി പന്തെത്തിക്കാനേ ഇന്ത്യക്കായുള്ളൂ. ന്യൂസിലൻഡ് 10 പോയിന്റ് ലീഡിൽ മത്സരം സ്വന്തമാക്കി.
ഇന്ത്യ നീണ്ട 12 വർഷത്തിനുശേഷം ക്വാർട്ടർ ഫൈനലിലെത്തിച്ചത്. 2013ൽ ഫിബ 3x3 ഏഷ്യ കപ്പിന്റെ ഉദ്ഘാടന പതിപ്പിലാണ് ഇന്ത്യൻ പുരുഷടീം ഇതിനു മുന്പ് ക്വാർട്ടറിലെത്തിയത്.
ഓസ്ട്രേലിയയ്ക്ക് ഇരട്ടക്കിരീടം
ഫിബ ഏഷ്യ കപ്പ് കിരീടം ഓസ്ട്രേലിയയുടെ പുരുഷ, വനിതാ ടീം മുകൾക്ക്. വനിതാ വിഭാഗത്തിൽ ഓസ്ട്രേലിയ 21-17ന് ജപ്പാനെയും പുരുഷ വിഭാഗത്തിൽ 21-19ന് ചൈനയെയും തോൽപ്പിച്ചു.