രോഹിത്തിനു കഷ്ടകാലം
Wednesday, April 2, 2025 12:07 AM IST
മുംബൈ: ഐപിഎല്‍ 2025 സീസണില്‍ ഫോം കണ്ടെത്താനാകാതെ രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് ഐപിഎല്‍ കിരീടത്തില്‍ എത്തിച്ച രോഹിത് ശര്‍മയ്ക്ക് 18-ാം സീസണില്‍ ഇതുവരെ മൂന്ന് ഇന്നിംഗ്സില്നിന്നു നേടാന്‍ സാധിച്ചത് വെറും 21 റണ്‍സ് മാത്രം.
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ മൂന്ന് ഇന്നിംഗ്സില്‍നിന്ന് രോഹിത്തിന്റെ ഏറ്റവും മോശം പ്രകടനങ്ങളില്‍ രണ്ടാം സ്ഥാനത്താണിത്. 2017 സീസണില്‍ ആദ്യ മൂന്ന് ഇന്നിംഗ്സില്‍ ഒമ്പതു റണ്‍സ് നേടിയതാണ് ഏറ്റവും മോശം തുടക്കം.
0, 8, 13 എന്നതാണ് 2025 സീസണില്‍ രോഹിത്തിന്റെ ഇതുവരെയുള്ള പ്രകടനം. മുംബൈയുടെ അടുത്ത മത്സരത്തില്‍ രോഹിത്ത് പുറത്ത് ഇരിക്കേണ്ടിവരുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുണ്ടെന്നതും ശ്രദ്ധേയം. 2025 സീസണില്‍ ആദ്യ രണ്ടു തോല്‍വിക്കുശേഷം കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നാലു വിക്കറ്റ് ജയത്തോടെ മുംബൈ ഇന്ത്യന്‍സ് അക്കൗണ്ട് തുറന്നിരുന്നു.
സൂര്യ ഷൈനിംഗ്
അതേസമയം, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ ഒമ്പത് പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്ന മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് ട്വന്റി-20 ക്രിക്കറ്റില്‍ 8000 ക്ലബ്ബില്‍ ഇടംപിടിച്ചു. വിരാട് കോഹ്ലി (12976), രോഹിത് ശര്‍മ (11851), ശിഖര്‍ ധവാന് (9797), സുരേഷ് റെയ്ന (8654) എന്നിവര്‍ക്കുശേഷം 8000 ക്ലബ്ബില്‍ ഇടംനേടുന്ന ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍. അതിവേഗം 8000 ക്ലബ്ബില്‍ എത്തിയതില്‍ (നേരിട്ട പന്തിന്റെ അടിസ്ഥാനത്തില്‍) രണ്ടാം സ്ഥാനത്തും സൂര്യകുമാര്‍ എത്തി.