ജോക്കോയെ വീഴ്ത്തി ജാക്കൂബ്
Tuesday, April 1, 2025 1:38 AM IST
ന്യൂയോര്‍ക്ക്: മയാമി ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ചെക്റിപ്പബ്ലിക്കിന്റെ കൗമാര താരം ജാക്കൂബ് മെന്സിക്ക് ചാമ്പ്യന്‍.
സെര്‍ബിയന്‍ ഇതിഹാസമായ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ജാക്കൂബ് തന്റെ എടിപി 1000 കന്നിക്കിരീടത്തില്‍ മുത്തംവച്ചത്. ടൈബ്രേക്കറിലൂടെ ജേതാവിനെ നിശ്ചയിച്ച രണ്ട് സെറ്റിലും അവസാന ചിരി ചെക് താരത്തിന്റേതായിരുന്നു. സ്കോര്‍: 7-6 (7-4), 7-6 (7-4).
തുടക്കം മുതല്‍ അട്ടിമറിച്ചു മുന്നേറിയ ജാക്കൂബിന്റെ കിരീടധാരണം ആരാധ്യതാരമായ ജോക്കോവിച്ചിനെ കീഴടക്കിയായിരുന്നു എന്നതും ശ്രദ്ധേയം. റൗണ്ട് ഓഫ് 64ല്‍ ആറാം സീഡുകാരനായ ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പര്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ 17-ാം സീഡ് ഫ്രാന്‍സിന്റെ ആര്‍തര്‍ ഫില്‍സ്, സെമിയില്‍ അമേരിക്കയുടെ മൂന്നാം സീഡ് ടെയ്ലര് ഫ്രിറ്റ്സ് എന്നിങ്ങനെ അട്ടിമറി ജയങ്ങളിലൂടെയായിരുന്നു ജാക്കൂബ് മെന്‍സിക് ഫൈനലിലേക്ക് എത്തിയത്.
100നു കാത്തിരിപ്പ്
കരിയറില്‍ 100-ാം സിംഗിള്‍സ് ട്രോഫി എന്ന നേട്ടത്തിന്റെ വക്കിലാണ് ജോക്കോവിച്ചിനു കാലിടറിയത്. അതും പത്തൊമ്പതുകാരനായ ജാക്കൂബിന്റെ മിന്നും പ്രകടനത്തിനു മുന്നില്‍. 2024 ഫെബ്രുവരിയിലാണ് ചെക് താരം ആദ്യമായി 100 റാങ്കിനുള്ളില്‍ പ്രവേശിച്ചത്. മയാമി ഓപ്പണില്‍ ആദ്യ 50 റാങ്കിനു പുറത്തു നിന്നൊരു താരം ജേതാവാകുന്നത് ഇതാദ്യം. മാത്രമല്ല, 2005നുശേഷം ജനിച്ച ഒരു താരം മയാമി ട്രോഫിയില്‍ മുത്തംവയ്ക്കുന്നതും ആദ്യമായാണ്.
സബലെങ്കയ്ക്കു കന്നിക്കിരീടം
മയാമി ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലാറൂസിന്റെ അരീന സബലെങ്കയ്ക്ക്. വനിതാ സിംഗിള്‍സ് ലോക ഒന്നാം നമ്പറായ സബലെങ്കയുടെ കന്നി മയാമി ഓപ്പണ്‍ ട്രോഫിയാണ്. അമേരിക്കയുടെ ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സബലെങ്ക ട്രോഫി സ്വന്തമാക്കിയത്.
സ്കോര്‍: 7-5, 6-2. പെഗുലയെ ഇതു രണ്ടാം തവണയാണ് സബലെങ്ക ഫൈനലില്‍ കീഴടക്കുന്നതെന്നതും ശ്രദ്ധേയം. 2024 യുഎസ് ഓപ്പണ്‍ ഫൈനലില്‍ പെഗുലയെ കീഴടക്കിയായിരുന്നു ബെലാറൂസ് താരം ട്രോഫി സ്വന്തമാക്കിയത്. കരിയറില്‍ സബലെങ്കയുടെ 19-ാം ഡബ്ല്യുടിഎ ട്രോഫിയാണ്.