തുടര്‍ തോല്‍വി; പരിശീലകനെ പുറത്താക്കി ബ്രസീൽ
Sunday, March 30, 2025 12:46 AM IST
സാവോപോളോ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അർജന്റീനയോട് കനത്ത തോൽവി വഴങ്ങിയതിനു പിന്നാലെ പരിശീലകൻ ഡോറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ.
ഇടക്കാല പരിശീലകനായിരുന്ന ഫെർണാണ്ടോ ഡിനിസിന് പകരക്കാരനായി കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഡോറിവൽ ജൂനിയർ ബ്രസീലിന്റെ പരിശീലകനായി ചുമതലയേറ്റത്.
വെംബ്ലിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു തുടങ്ങിയെങ്കിലും അഞ്ച് തവണ ലോക ചാന്പ്യൻമാരായിട്ടുള്ള ബ്രസീലിന് വിജയത്തുടർച്ച നൽകാൻ ഡോറിവലിന് കഴിഞ്ഞില്ല. ഡോറിവൽ ജൂനിയറിന്റെ കീഴിൽ കളിച്ച 16 മത്സരങ്ങളിൽ ഏഴ് ജയം മാത്രമാണ് ബ്രസീൽ സ്വന്തമാക്കിയത്.
കഴിഞ്ഞ ആഴ്ച നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഒന്നിനെതിരേ നാലു ഗോളിനാണ് നിലിവലെ ലോക ചാന്പ്യൻമാരായ അർജന്റീന ബ്രസീലിനെ തകർത്തത്. ഇതോടെ അർജന്റീന അടുത്ത വർഷത്തെ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയപ്പോൾ ലാറ്റിനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ നിലവിൽ നാലാം സ്ഥാനത്തുള്ള ബ്രസീലിന് ഇനിയും യോഗ്യത ഉറപ്പാക്കാനായിട്ടില്ല.
കോപ അമേരിക്കയിൽ ഉറുഗ്വേയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ബ്രസീൽ ക്വാർട്ടറിൽ പുറത്തായിരുന്നു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പരാഗ്വേയോട് തോൽക്കുകയും വെനസ്വേലയോട് സമനില വഴങ്ങുകയും ചെയ്തതിന് പിന്നാലെ അർജന്റീനയോടുകൂടി നാണംകെട്ട തോൽവി വഴങ്ങിയതോടെ ഡോറിവലിന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജൂണ്‍ നാലിന് ആദ്യ പോരാട്ടത്തിനിറങ്ങുന്നതിനു മുന്‍പ് പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.