ദ് മെൻ ഓഫ് സ്റ്റീൽസ് സെമിയിൽ
Monday, March 31, 2025 1:28 AM IST
ഷില്ലോംഗ്: ഇന്ത്യൻ ഫുട്ബോളിൽ ദ് മെൻ ഓഫ് സ്റ്റീൽസ് എന്ന പേരിൽ വിളിക്കുന്ന ജംഷഡ്പുർ എഫ്സി ഐഎസ്എൽ ഫുട്ബോൾ സെമി ഫൈനലിൽ. ഇന്നലെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ ജംഷഡ്പുർ എതിരില്ലാത്ത രണ്ടു ഗോളിന് ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചു. സെമിയിൽ ജംഷഡ്പുർ ഈ ഐഎസ്എൽ സീസണിൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തിയ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാനെ നേരിടും.
കളി അവസാനത്തോടടുത്തപ്പോൾ മൊബാഷിർ റഹ്മാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ജംഷഡ്പുർ പത്തുപേരുമായിട്ടാണ് മത്സരം പൂർത്തിയാക്കിയത്.
29-ാം മിനിറ്റിൽ സ്റ്റീഫൻ എസൈ ജംഷഡ്പുരിനെ മുന്നിലെത്തിച്ചു. സമനിലയ്ക്കായി നോർത്ത് ഈസ്റ്റിന്റെ ശ്രമങ്ങൾക്ക് ജംഷഡ്പുരിന്റെ ശക്തമായ പ്രതിരോധത്തെ ഭേദിക്കാനായില്ല. 88-ാം മിനിറ്റിൽ മൊബഷിർ ചുവപ്പ് കാർഡ് കണ്ടതോടെ പത്തുപേരായി ആതിഥേയർ ചുരുങ്ങി. എന്നാൽ ഈ അവസരം മുതലാക്കാൻ നോർത്ത് ഈസ്റ്റിനായില്ല.
നോർത്ത്ഈസ്റ്റിന്റെ എല്ലാ പ്രതീക്ഷകളും തകർത്ത് ഇഞ്ചുറി ടൈമിന്റെ ഒന്പതാം മിനിറ്റിൽ ഹാവി ഹെർണാണ്ടസ് ജംഷഡ്പുരിന്റെ ജയം ഉറപ്പിച്ചു.