ബിസിസിഐ കരാര്‍; അയ്യര്‍ റിട്ടേണ്‍സ്; രോഹിത്, കോഹ്ലി A+
Wednesday, April 2, 2025 12:07 AM IST
മുംബൈ: ഫോമിലുള്ള ബാറ്റര്‍ ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറിലേക്കു തിരിച്ചെത്തുമെന്നു സൂചന. 2023-24 സീസണ് കരാറില്‍നിന്ന് ശ്രേയസ് അയ്യറിനെ ഒഴിവാക്കിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സീസണിലെ ബിസിസിഐ കരാറില്‍നിന്ന് ശ്രേയസ് അയ്യര്‍ പുറത്തായത്. ശ്രേയസ് അയ്യറിന് ഒപ്പം ഇഷാന് കിഷനെയും പുകഞ്ഞ കൊള്ളിയാക്കി ബിസിസിഐ കരാറില്‍നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാല്‍, ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായ ശ്രേയസ് അയ്യര്‍, 2024 ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടു. മാത്രമല്ല, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ (243) റണ്‍സ് നേടിയതും ശ്രേയസ് അയ്യര്‍ ആയിരുന്നു.
2024-25 സീസണ് രഞ്ജി ട്രോഫിയില്‍ മുംബൈക്കുവേണ്ടി 68.57 ശരാശരിയില്‍ ശ്രേയസ് അയ്യര്‍ 480 റണ്‍സും സ്വന്തമാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒമ്പതു മത്സരങ്ങളില്‍നിന്ന് 345 റണ്‍സും ശ്രേയസ് നേടി. വിജയ് ഹസാരെയില്‍ അഞ്ചു മത്സരങ്ങളില്‍നിന്ന് 325 റണ്‍സും ഈ മുംബൈ താരം സ്വന്തമാക്കി.
2024-25 സീസണില്‍ ശ്രേയസ് അയ്യര്‍ ബിസിസിഐയുടെ എ കാറ്റഗറി കരാറില്‍ തിരിച്ചെത്തുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍നിന്നു വിരമിച്ച സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ എ പ്ലസ് വിഭാഗത്തില്‍ തുടരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2023-24 സീസണില്‍ കോഹ്ലി, രോഹിത് എന്നിവര്‍ക്കൊപ്പം രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമായിരുന്നു എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ടത്.
പുരുഷ വിഭാഗം എ പ്ലസ് കരാറിലുള്ള താരങ്ങളുടെ നിലവിലെ പ്രതിഫലം ഏഴ് കോടി രൂപയാണ്. എ വിഭാഗത്തിന് അഞ്ചും ബിക്കു മൂന്നും സി കാറ്റഗറിക്ക് ഒരു കോടിയുമാണ് പ്രതിഫലം.