സ്റ്റാറായി സ്റ്റാർക്
Monday, March 31, 2025 1:28 AM IST
വിശാഖപട്ടണം: സ്വന്തം കാണികളുടെ മുന്നിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തുടർച്ചയായ രണ്ടാം തോൽവി. സണ്‍റൈസേഴ്സ് ഇന്നലെ ഡൽഹി കാപ്പിറ്റൽസിനോട് നാല് ഓവർ ബാക്കിയിരിക്കേ ഏഴു വിക്കറ്റുകൾക്ക് തോറ്റു.
ഡൽഹിയുടെ തുടർച്ചയായ രണ്ടാം ജയമാണ്. സ്വന്തം കളത്തിൽ നിറഞ്ഞ കാണികളുടെ മുന്പിൽ വൻ സ്കോർ പ്രതീക്ഷിച്ചിറങ്ങിയ ഹൈദരാബാദിനെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് തകർത്തത്. സണ്‍റൈസേഴ്സിന്റെ ടോപ് ഓർഡറിലെ ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഢി എന്നിവരുടെ വിക്കറ്റുകളും സ്റ്റാർക്കിനായിരുന്നു.
സ്കോർ: സണ്‍റൈസേഴ്സ് 18.4 ഓവറിൽ 163 റണ്‍സിന് എല്ലാവരും പുറത്തായി. ഡൽഹി കാപ്പിറ്റൽസ് 16 ഓവറിൽ മൂന്നു വിക്കറ്റിന് 166.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർക്ക് ഫോമിലെത്താൻ വിഷമിക്കുന്ന അഭിഷേക് ശർമയെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. സ്റ്റാർക് എറിഞ്ഞ ഓവറിന്റെ അഞ്ചാം പന്തിൽ അഭിഷേക് ഒരു റണ്‍ മാത്രം നേടി റണ്ണൗട്ടായി. രണ്ടാമത്തെ ഓവറിനെത്തിയ ഓസീസ് പേസർ ഇഷാൻ കിഷനെ (2) ട്രിസ്റ്റൻ സ്റ്റബ്സിന്റെ കൈകളിലെത്തിച്ചു. ആ ഓവറിന്റെ മൂന്നാം പന്തിൽ അക്കൗണ്ട് തുറക്കാതെ നിന്ന നിതീഷ് കുമാർ റെഡ്ഢി അക്സർ പട്ടേലിന്റെ കൈക്കുള്ളിലായി.
പവർപ്ലേയിലെ തന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ സ്റ്റാർക് ഓസീസ് സഹതാരം ട്രാവിസ് ഹെഡിനെ (12 പന്തിൽ 22) വിക്കറ്റ്കീപ്പർ കെ.എൽ. രാഹുലിന്റെ കൈക്കുള്ളിലെത്തിച്ചു. ഇതോടെ 4.1 ഓവറിൽ സണ്‍റൈസേഴ്സ് നാലു വിക്കറ്റിന് 37 എന്ന നിലയിൽ തകർന്നു. ആദ്യ പവർപ്ലേ പൂർത്തിയായപ്പോൾ 58 റണ്‍സിന് നാലു വിക്കറ്റ് എന്ന നിലയിലെത്തി ആതിഥേയർ.
വൻ തകർച്ചയിൽനിന്ന് ഹെൻ റിച്ച് ക്ലാസൻ-അങ്കിത് വർമ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് സണ്‍റൈസേഴ്സിനെ കരകയറ്റി. 77 റണ്‍സ് ഈ കൂട്ടുകെട്ട് നേടി. 19 പന്തിൽ രണ്ടു ഫോറും അത്രതന്നെ സിക്സുമായി 32 റണ്‍സ് നേടിയ ക്ലാസനെ മികച്ചൊരു ക്യാച്ചിലൂടെ വിപ് രാജ് നിഗം പുറത്താക്കി. മോഹിത് ശർമയ്ക്കാണ് വിക്കറ്റ്. പിന്നീടെത്തിയവരിൽ ആർക്കും അങ്കിത്തിന് മികച്ചൊരു കൂട്ടുകെട്ട് നൽകാനായില്ല. 41 പന്തിൽ അഞ്ചു ഫോറിന്റെയും ആറു സിക്സിന്റെയും അകന്പടിയിൽ 74 റണ്‍സ് നേടി അങ്കിത് 16-ാം ഓവറിൽ പുറത്തായി.
മുൻനിരയെ സ്റ്റാർക് തകർത്തപ്പോൾ മധ്യനിരയെ കുൽദീപ് യാദവ് കശക്കി വീഴ്ത്തി. മൂന്നു വിക്കറ്റുകളാണ് കുൽദീപ് സ്വന്തമാക്കിയത്.
അനായാസം ഡൽഹി
164 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് അനായാസയാമാണ് ഡൽഹി ഓപ്പണ്‍മാരായ ജേക് ഫ്രേസർ മാക്ഗുർക്കും ഫാഫ് ഡു പ്ലസിയും കളിച്ചത്. 9.1 ഓവറിൽ 81 റണ്‍സിലെത്തിയശേഷമാണ് ഈ സഖ്യം പൊളിയുന്നത്.
27 പന്തിൽ മൂന്നു ഫോറിന്റെയും അത്രതന്നെ സിക്സിന്റെയും അകന്പടിയിൽ അർധ സെഞ്ചുറി തികച്ച ഡു പ്ലസിയെ സീഷാൻ അൻസാരി പുറത്താക്കി. ഡൽഹി സ്കോർബോർഡിൽ 15 റണ്‍സ് കൂടിയെത്തിയശേഷം മാക്ഗുർക്കിനെ (32 പന്തിൽ 38) സ്വന്തം പന്തിൽ സീഷാൻ അൻസാരി പിടികൂടി. അഞ്ചു പന്തിൽ 15 റണ്‍സുമായി തകർത്തടിച്ചു തുടങ്ങിയ കെ.എൽ. രാഹുലിനെ അൻസാരി ക്ലീൻബൗൾഡാക്കി. പിന്നീടൊന്നിച്ച അഭിഷേക് പോറെലും (34), ട്രിസ്റ്റൻ സ്റ്റബ്സും (21) തകരാതെ ഉയർത്തിയ 51 റണ്‍സ് ഡൽഹിയെ ജയത്തിലെത്തിച്ചു.