റോഡ്രിഗസിന്റെ ക്ലബ്ബിന് ലോകകപ്പ് അയോഗ്യത
Tuesday, April 1, 2025 1:38 AM IST
ന്യൂയോര്‍ക്ക്: 2025 ഫിഫ ക്ലബ് ലോകകപ്പില്‍നിന്ന് കൊളംബിയന്‍ സൂപ്പര്‍ താരം ഹമേഷ് റോഡ്രിഗസിന്റെ ക്ലബ് ലിയോണിന് അയോഗ്യത. മെക്സിക്കന്‍ സംഘമായ ക്ലബ് ലിയോണ്‍ 2023 കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് വിജയിച്ചാണ് ലോകകപ്പിനു യോഗ്യത സ്വന്തമാക്കിയത്.
ഒന്നില്‍ അധികം ക്ലബ്ബില്‍ മുതല്‍ മുടക്കുണ്ടെന്ന കാരണത്താലാണ് ലിയോണിന് അയോഗ്യത. 2025 ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്ന മറ്റൊരു മെക്സിക്കന്‍ ടീമായ സിഎഫ് പച്ചൂക്കയിലും ലിയോണിന്റെ മുതല്‍ മുടക്കുകാര്ക്കു പങ്കുണ്ട്.
ടൂര്‍ണമെന്റില്‍ ഒരേ മുതല്‍ മുടക്കുകാര്ക്കു കീഴില്‍ ഒന്നില്‍ അധികം ക്ലബ്ബുകള്‍ക്കു പങ്കെടുക്കാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് അയോഗ്യത. 2024 കോണ്‍കാകാഫ് കപ്പ് ചാമ്പ്യന്മാരാണ് സിഎഫ് പച്ചൂക്ക.
ക്ലബ് ലോകകപ്പ് ഗ്രൂപ്പ് എച്ചില് റയല്‍ മാഡ്രിഡ്, അല്‍ ഹിലാല്‍, റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് ടീമുകള്‍ക്ക് ഒപ്പമാണ് പച്ചൂക്ക. ഗ്രൂപ്പ് ഡിയില്‍ ചെല്‍സി, ഫ്ളെമെംഗൊ, എസ്പെറന്‍സ് ഡി ടുണിസ് ടീമുകള്‍ക്ക് ഒപ്പമായിരുന്നു ക്ലബ് ലിയോണ്‍.
2023 കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് ഫൈനലിസ്റ്റുകളായ മേജര്‍ ലീഗ് സോക്കര്‍ ടീം ലോസ് ആഞ്ചലസ് എഫ്സിയും മെക്സിക്കന്‍ സംഘമായ ക്ലബ് അമേരിക്കയും തമ്മില്‍ പ്ലേ ഓഫിലൂടെ ക്ലബ് ലോകകപ്പിനുള്ള ഒഴിവ് നികത്താന്‍ ഫിഫ മത്സരം സംഘടിപ്പിക്കും. കോണ്‍ഫെഡറേഷന്‍ റാങ്കിംഗ് അനുസരിച്ചാണ് ക്ലബ് അമേരിക്കയെ തെരഞ്ഞെടുത്തത്.
ഫിഫ ലോകകപ്പ് മാതൃതയില്‍, 32 ക്ലബ്ബുകളെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ് 2025 ഫിഫ ക്ലബ് ലോകകപ്പ് പോരാട്ടം അരങ്ങേറുക. ജൂണ്‍ 14 മുതല്‍ ജൂലൈ 13വരെ അമേരിക്കയാണ് ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.