ബാറ്റിംഗ് ബൗളിംഗ് വാർ: ഡൽഹി- ഹൈദരാബാദ് പോരാട്ടം
Sunday, March 30, 2025 12:46 AM IST
വിശാഖപ്പട്ടണം: വിജയം തുടരാൻ ഡൽഹി ക്യാപിറ്റൽസും വിജയ വഴിയിൽ തിരിച്ചെത്താൻ സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്നിറങ്ങും. ഐപിഎൽ സീസണിലെ പത്താം മത്സരമം വിശാഖപട്ടണം എസിഎ വിഡിസിഎ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3.30ന് നടക്കും. ലക്നോവിനെതിരായ ത്രില്ലർ പോരാട്ട ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി മത്സരത്തിനിറങ്ങുന്നത്.
ലക്നോ ഉയർത്തിയ കൂറ്റൻ സ്കോർ അശുതോഷ് ശർമയുടെയും വിപ്രാജ് നിഗത്തിന്റെയും തകർപ്പനടിയിലൂടെയാണ് തോൽവിയുടെ വക്കില്‍നിന്ന് മറികടന്നത്.
അതേസമയം ലക്നോവിനോടുതന്നെ തോൽവി വഴങ്ങിയ സണ്‍റൈസേഴ്സ് വിജയ വഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.
ഗതിനിര്‍ണയം:
ബാറ്റർ കെ.എൽ. രാഹുൽകൂടി എത്തുന്നതോടെ ഡൽഹി കൂടുതൽ കരുത്തരാകും. എന്നാൽ സണ്‍റൈസേഴ്സിന്റെ അഭിഷേക് ശർമ- ട്രാവിസ് ഹെഡ് ഓപ്പണിംഗ് സഖ്യം ഇഷാൻ കിഷൻ, ഹെന്്റിച്ച് ക്ലാസൻ എന്നിവരടങ്ങുന്ന വെടിക്കെട്ട് ബാറ്റിംഗ് നിരയെ ഡൽഹി ബൗളിംഗ് താരങ്ങൾ എങ്ങനെ പിടിച്ചുകെട്ടുമെന്നതിൽ ആശ്രയിച്ചിരിക്കും മത്സരവിധി.
മിച്ചൽ സ്റ്റാർക്ക്, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർക്കാണ് സണ്‍റൈസേഴ്സ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടനുള്ള ചുമതല.
24 മത്സരങ്ങളിൽ നേർക്കുനേർ പോരാടിയപ്പോൾ 13 ജയത്തിന്റെ മുൻതൂക്കം സണ്‍റൈസേഴ്സിനുണ്ട്. ഡൽഹി 11 ജയം സ്വന്തമാക്കി.