കിരീടത്തോടടുത്ത് പിഎസ്ജി
Monday, March 31, 2025 1:28 AM IST
സാൻ എറ്റിയൻ (ഫ്രാൻസ്): ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ തോൽവി അറിയാതെ മുന്നേറുന്ന പാരീസ് സാൻ ജെർമയിൻ കിരീടത്തോടടുത്തു. എവേ പോരാട്ടത്തിൽ പിഎസ്ജി 6-1ന് സാൻ എറ്റിയനെ തോൽപ്പിച്ചു. ഈ ശനിയാഴ്ച ആൻഗേഴ്സിനെതിരേ സ്വന്തം കളത്തിൽ ജയമോ സമനിലയോ നേടിയാൽ പിഎസ്ജിക്ക് 13-ാം തവണ ഫ്രഞ്ച് ലീഗ് വണ്‍ ജേതാക്കളാകാം.
ലീഗിൽ ഏഴു മത്സരങ്ങൾകൂടി ശേഷിക്കേ പിഎസ്ജിക്ക് 27 കളിയിൽ 71 പോയിന്റാണുള്ളത്. ഇത്രതന്നെ കളിയിൽ 50 പോയിന്റുള്ള മൊണക്കോയാണ് രണ്ടാമത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മൊണക്കോ 2-1ന് നീസിനെ തോൽപ്പിച്ചതോടെയാണ് പിഎസ്ജിക്ക് കിരീടം ഉറപ്പാക്കാൻ അടുത്ത മത്സരം വരെ കാത്തിക്കേണ്ടിവന്നത്.
ശക്തരായ പിഎസ്ജിയെ ആദ്യ പത്തു മിനിറ്റിനുള്ളിൽ ഞെട്ടിക്കാൻ സാൻ എറ്റിയാനായി. ലൂകാസ് സ്റ്റാസിൻ (9’) പിഎസ്ജി വലകുലുക്കി. ഇടവേളയ്ക്കു പിരിയും മുന്‍പേ പിഎസ്ജി ഗോണ്‍സാലോ റാമോസ് (43’) പെനാൽറ്റിയിലൂടെ സമനിലയിലെത്തി. പിന്നീട് രണ്ടാം പകുതിയിൽ ഖ്വിച ക്വാരത്സ്ഖേലിയ - (50’), ഡെസിരെ ഡൗ (53’, 66’), ജോവോ നെവെസ് (62’), ഇബ്രാഹിം എംബായെ(90’) എന്നിവരുടെ ഗോളുകൾ പിഎസ്ജിക്ക് വൻ ജയം നൽകി.