മുംബൈ ഇന്ത്യൻസിന്റെ ടാലന്റ് ഫാക്ടറി
Tuesday, April 1, 2025 1:38 AM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് മുംബൈ ഇന്ത്യന്‍സിന്റെ ടാലന്റ് ഫാക്ടറിയുടെ അനാവരണാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നു പറഞ്ഞാല്‍ അദ്ഭുതമില്ല.
മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂരിനുശേഷം മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ അവതരിപ്പിച്ച അശ്വിനി കുമാര്‍ ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
ജസ്പ്രീത് ബുംറയില്‍ തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സ് സ്കൗട്ട് കണ്ടെത്തിയ ബൗളര്‍മാരുടെ നിരയിലേക്കുള്ള അവസാന പേരാണ് അശ്വിനു കുമാര്‍ എന്ന ഇരുപത്തിനാലുകാരന്.
മാര്‍ച്ച് 23നു ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ ആയിരുന്നു വിഘ്നേഷ് പുത്തൂരിന്റെ അരങ്ങേറ്റം. 32 റണ്‍സ് വഴങ്ങിയ വിഘ്നേഷ് മൂന്നു സിഎസ്കെ വിക്കറ്റ് വീഴ്ത്തി. ഇന്നലെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തില്‍ വീണ്ടും പന്ത് എടുത്ത വിഘ്നേഷ് ഒരു വിക്കറ്റ് സ്വന്തമാക്കി. ഹര്‍ഷിത് റാണയുടെ വിക്കറ്റായിരുന്നു വിഘ്നേഷ് വീഴ്ത്തിയത്.
അരങ്ങേറ്റത്തിലെ ആകുലത
ഇന്നലെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തില്‍ അരങ്ങേറണം എന്ന അറിയിപ്പ് കിട്ടിയതു മുതല്‍ അശ്വിനി കുമാറിന്റെ നെഞ്ചിടിപ്പേറി. ഉച്ചയ്ക്ക് ഒരു പഴം മാത്രമായിരുന്നു തന്റെ ഭക്ഷണമെന്നും അരങ്ങേറ്റത്തെക്കുറിച്ചുള്ള ആകുലതയായിരുന്നു മനസില്‍ എന്നും ബൗളിംഗിനുശേഷം അശ്വിനി കുമാര്‍ വെളിപ്പെടുത്തി. ആശങ്കപ്പേട്ടതുപോലെ ഒന്നും സംഭവിച്ചില്ലെന്നും മികച്ച രീതിയില്‍ പന്ത് എറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.
അജിങ്ക്യ രാഹനെ, റിങ്കു സിംഗ്, മനീഷ് പാണ്ഡെ, ആന്ദ്രേ റസല്‍ എന്നിവരെയാണ് അശ്വിനി കുമാര്‍ ഇന്നലെ പുറത്താക്കിയത്. അതില്‍ മനീഷ് പാണ്ഡെ, ആന്ദ്രേ റസല്‍ എന്നിവരെ ബൗള്‍ഡാക്കിയാണ് ഈ ഇടംകൈ പേസര്‍ മടക്കി അയച്ചതെന്നതും ശ്രദ്ധേയം.