വിജയവഴി തേടി: രാജസ്ഥാനും ചെന്നൈയും നേര്‍ക്കുനേര്‍
Sunday, March 30, 2025 12:46 AM IST
ഗുവാഹത്തി: തോൽവിയിൽനിന്നു കരകയറാൻ ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും ഇന്നിറങ്ങും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ തോൽവിയിൽനിന്ന് കരകയറുകയാണ് ചെന്നൈയുടെ ലക്ഷ്യം. കോൽക്കത്തയ്ക്കെതിരേ തോൽവി ഏറ്റുവാങ്ങിയാണ് രാജസ്ഥാനും മത്സരത്തിനിറങ്ങുന്നത്.
ഗുവാഹത്തി എസിഎ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തിന് ഒരുക്കിയിരിക്കുന്നത് സ്ലോ പിച്ചാണ്. മികച്ച സ്പിന്നർമാർ അടങ്ങുന്ന ചെന്നൈക്ക് ഇത് മുൻതൂക്കം നൽകും.
തലവേദന:
ചെറിയ ടോട്ടൽ പിൻതുടർന്നിട്ടും ജയം നേടാൻ കഴിയാതെ പോയത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനെയും കോച്ച് സ്റ്റീഫൻ ഫ്ളെമിങ്ങിനെയും നിരാശപ്പെടുത്തി. ബാറ്റിംഗ് പൊസിഷനിൽ ഒത്തിണക്കം ഇല്ല. കഴിഞ്ഞ മത്സരത്തിൽ ധോണി അവസാനം ഇറങ്ങിയത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു. അതേസമയം ക്യാപ്റ്റൻസിയിൽ പരിചയസന്പന്നനല്ലാത്ത റയാൻ പരാഗിന് കീഴിൽ മത്സരത്തിനിറങ്ങുന്ന രാജസ്ഥാന് സ്ഥിരത നിലിനർത്താൻ കഴിയുന്നില്ല.
മുൻതൂക്കം:
ഏത് ബാറ്റർമാരെയും വീഴ്ത്താൻ മികവുള്ള സ്പിന്നർമാരുടെ സംഘമാണ് ചെന്നൈയുടെ നേട്ടം. നൂർ അഹമ്മദ്, മതീഷ് പതിരണ സഖ്യം വിക്കറ്റ് വേട്ടയിൽ മിന്നും ഫോമിലാണ്. ആർ. അശ്വിനും, രവീന്ദ്ര ജഡേജയും കൂടി അടങ്ങുന്ന സ്പിൻ കെണിയിൽ ആരും വീഴും. തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ജോഫ്ര ആർച്ചർ അടങ്ങുന്ന പേസ് ആക്രമണത്തിലാണ് ഡൽഹിയുടെ ആശ്രയം.
29 മത്സരങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 16 ജയം ചെന്നൈക്കൊപ്പമായിരുന്നു. 13 ജയം രാജസ്ഥാൻ സ്വന്തമാക്കി.