107 മെഡലുമായി ഇന്ത്യ ഹാങ്ഝൗ ഏഷ്യൻ ഗെയിംസ് പോരാട്ടം അവസാനിപ്പിച്ചു
Sunday, October 8, 2023 12:53 AM IST
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ വേട്ടയുമായി ഇന്ത്യ. ക്രിക്കറ്റ്, കബഡി, ബാഡ്മിന്റണ്, അന്പെയ്ത്ത് എന്നീ വിഭാഗങ്ങളിലായി ആറ് സ്വർണം ഇന്ത്യ ഇന്നലെ മാത്രം സ്വന്തമാക്കി.
ഹാങ്ഝൗവിൽ ഒരു ദിവസം ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണ വേട്ടയാണ് ഇന്നലെ അരങ്ങേറിയത്. അതോടെ ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100 മെഡൽ കടന്നു. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 70 മെഡൽ നേടിയതായിരുന്നു ഇതിനു മുന്പ് ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽവേട്ട.
ജക്കാർത്തയിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും അടക്കമായിരുന്നു 70 മെഡൽ. ഇത്തവണ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമായി 107 മെഡലോടെയാണ് ഇന്ത്യ കളം വിട്ടത്. ഹാങ്ഝൗ ഏഷ്യൻ ഗെയിംസിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് മത്സരങ്ങളില്ല.
എയ്തുവീഴ്ത്തിയ സ്വർണം
ഇന്നലെ അന്പെയ്ത്തിലൂടെ ഇന്ത്യ രണ്ട് സ്വർണം സ്വന്തമാക്കി. വനിതാ കോന്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ ജ്യോതി സുരേഖയും പുരുഷ കോന്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ ഓജസ് ദ്യോതലെയുമാണ് ഇന്നലെ സ്വർണം എയ്തു വീഴ്ത്തിയത്.
പുരുഷ കോന്പൗണ്ട് വ്യക്തിഗത ഫൈനലിൽ ഇന്ത്യൻ താരങ്ങളുടെ പോരാട്ടമായിരുന്നു അരങ്ങേറിയതെന്നതാണ് ശ്രദ്ധേയം. അഭിഷേക് വർമയ്ക്കെതിരേ ഫൈനലിൽ ഇറങ്ങിയപ്പോൾ 147-149നായിരുന്നു ഓജസിന്റെ ജയം.
ദക്ഷിണകൊറിയയുടെ സു ചിയുവാനെ 145-149നു കീഴടക്കിയായിരുന്നു വനിതാ കോന്പൗണ്ട് വ്യക്തിഗത സ്വർണത്തിൽ ജ്യോതി മുത്തമിട്ടത്. വനിതാ കോന്പൗണ്ട് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്ക് വെങ്കലവും ലഭിച്ചു. അദിതി ഗോപിചന്ദ് സ്വാമിയായിരുന്നു വെങ്കലം സ്വന്തമാക്കിയത്.
കബഡിയിൽ ഡബിൾ
പുരുഷ-വനിതാ കബഡിയിൽ ഇന്ത്യൻ ടീം ഇന്നലെ സ്വർണത്തിലെത്തി. പുരുഷ വിഭാഗത്തിൽ നിലവിലെ ചാന്പ്യന്മാരായ ഇറാനെ ഫൈനലിൽ അട്ടിമറിച്ചായിരുന്നു ഇന്ത്യൻ ടീമിന്റെ സ്വർണം. 33-29നായിരുന്നു ഇന്ത്യൻ പുരുഷന്മാർ കബഡിയിൽ സ്വർണം സ്വന്തമാക്കിയത്.
സെമിയിൽ ചിരവൈരികളായ പാക്കിസ്ഥാനെ 61-14ന് തകർത്തെറിഞ്ഞായിരുന്നു ഇന്ത്യ ഫൈനലിലെത്തിയത്.
വനിതാ ഫൈനലിൽ ചൈനീസ് തായ്പേയിയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനുശേഷമായിരുന്നു ഇന്ത്യയുടെ സ്വർണം. ഫൈനലിൽ 26-25നാണ് ഇന്ത്യ ചൈനീസ് തായ്പേയിയെ കീഴടക്കിയത്.
8-3
ഏഷ്യൻ ഗെയിംസ് കബഡിയിൽ ഏറ്റവും കൂടുതൽ സ്വർണം എന്ന റിക്കാർഡ് ഇന്ത്യ പരിഷ്കരിച്ചു. 2023 സ്വർണത്തോടെ പുരുഷ വിഭാഗത്തിൽ ഇന്ത്യ എട്ടും വനിതാ വിഭാഗത്തിൽ മൂന്നും സ്വർണം സ്വന്തമാക്കി. പുരുഷ-വനിതാ വിഭാഗം കബഡി സ്വർണത്തിൽ ഇന്ത്യ എതിരില്ലാതെ ഒന്നാം സ്ഥാനത്ത് തുടരുന്നു.