ബോർഡ് നയം മാറ്റാതെ റബർ കർഷകർക്കു രക്ഷയില്ല
Monday, February 12, 2024 12:26 AM IST
വിപണിവിശേഷം / കെ.ബി. ഉദയഭാനു
സംസ്ഥാനത്തു പകൽച്ചൂട് വർധിച്ചതോടെ ഒട്ടുമിക്ക തോട്ടങ്ങളിലും മരങ്ങളിൽനിന്നുള്ള പാൽ ലഭ്യത കുറഞ്ഞു. പല ഭാഗങ്ങളിലും ഉത്പാദകർ രംഗത്തുനിന്നു പിൻമാറി. ഉത്തരേന്ത്യൻ ലോബി കുരുമുളക് വിപണിയെ വിറപ്പിച്ചു, പരിഭ്രാന്തരായ ചെറുകിട കർഷകർ പുതിയ മുളക് വിറ്റുമാറാൻ തിടുക്കം പ്രകടിപ്പിക്കുന്നുണ്ട്. നാളികേര വിപണി നിർജീവമാണ്. ആഭരണകേന്ദ്രങ്ങളിൽ സ്വർണത്തിന് ആവശ്യമുയരുന്നു.
റബർവില ഉയരുമെന്ന ഉറച്ച വിശ്വാസത്തിൽ കാർഷികമേഖല ഷീറ്റും ലാറ്റക്സും പിടിച്ചുവയ്ക്കുന്നതിനാൽ വിപണികളിൽ വരവ് നാമമാത്രമാണ്.
കയറ്റുമതി സാധ്യതകൾ തെളിഞ്ഞാൽ നിലവിൽ 16,400ൽനിന്നു നാലാം ഗ്രേഡ് 17,400ലേക്കു മുന്നേറാം. ആഭ്യന്തര ടയർ വ്യവസായികളെ മാത്രം ആശ്രയിച്ചാൽ വില ഉയർത്താനാവില്ല. വിദേശ പിന്തുണ ഉറപ്പുവരുത്തിയാൽ ഷീറ്റ് കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാനാകും.
സർക്കാർ ഇടപെടൽ
റബർ കയറ്റുമതിയുടെ സാധ്യതകൾ ആരായാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. ബോർഡ് കർഷകരോടുള്ള ചിറ്റമ്മ നയം വെടിഞ്ഞാൽ കാര്യങ്ങൾ സുഗമമാകും. വ്യവസായികളുടെ പിന്തുണ കുറഞ്ഞതുമൂലം കാർഷികമേഖലയിൽ കെട്ടിക്കിടക്കുന്ന റബറിനു കയറ്റുമതി സാധ്യതകൾ കണ്ടത്താൻ കേരളം മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചു.
രാജ്യാന്തര വിപണിയിൽ റബർവില ഇന്ത്യൻ വിലയെ മറികടന്നു പുതിയ ഉയരങ്ങൾ തേടുകയാണ്. ആഭ്യന്തരതലത്തിൽ വിപണിയില്ലാതെ കെട്ടിക്കിടക്കുന്ന റബറിനു കയറ്റുമതി ഓർഡറുകൾ സംഘടിപ്പിക്കാനായാൽ അതിന്റെ നേട്ടം അടുത്ത സീസണിൽ ഉത്പന്നവില വീണ്ടുമുയർത്താം.
സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ കോർപറേഷനും റബർ മാർക്കറ്റിംഗ് ഫെഡറേഷനും കയറ്റുമതി ലൈസൻസുണ്ട്. ആഭ്യന്തര വിദേശ വിലകളിലെ അന്തരം വർധിച്ചത് അവസരമാക്കി ചൈനയിലേക്കും ജപ്പാനിലേക്കും ഷിപ്മെന്റിനു കരാറുകളുറപ്പിച്ചാൽ കർഷകർക്കു സാന്പത്തിക ഞെരുക്കത്തിൽനിന്നു രക്ഷനേടാം. ബാങ്കോക്കിൽ മികച്ചയിനം റബർ 18,400 രൂപ വരെ കയറിയശേഷം 17,642ലാണ്.
ചൈന ലൂണാർ പുതുവത്സരാഘോഷങ്ങളിലേക്കു തിരിഞ്ഞു. അവരുടെ അഭാവം ഏഷ്യൻ റബർ വിപണികളെ അടുത്ത 10 ദിവസങ്ങളിൽ നിർജീവമാക്കും. നിലവിൽ 278 യെന്നിൽ നീങ്ങുന്ന ജാപ്പനീസ് റബർ മാർക്കറ്റ് 275-271 റേഞ്ചിലെ താങ്ങുനിലനിർത്താൻ ശ്രമം നടത്താം. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 265 യെന്നിലേക്കു പരീക്ഷണങ്ങൾക്കിടയുണ്ട്. ഇതിനിടെ, ലൂണാർ ആഘോഷങ്ങൾ കഴിഞ്ഞ് ഓപ്പറേറ്റർമാർ രംഗത്തു തിരിച്ചെത്തിയാൽ 292 യെന്നിലെ പ്രതിരോധം മറികടക്കാനുള്ള കരുത്ത് റബർ കണ്ടെത്തും.
വിറച്ച് മുളക്
കുരുമുളക് വിപണിയെ ആഭ്യന്തര വാങ്ങലുകാർ വിറപ്പിച്ചു. വിളവെടുപ്പ് പുരോഗമിച്ച തക്കത്തിനാണ് ഉത്തരേന്ത്യക്കാർ നിരക്കിടിച്ചത്. കർണാടകത്തിലെ സ്റ്റോക്കിസ്റ്റുകളും മുളകു വിൽപ്പനയ്ക്കു തിടുക്കം കാട്ടി. വരുംദിനങ്ങളിൽ ഉത്പാദനമേഖലയിൽനിന്നുള്ള കുരുമുളകുവരവ് ശക്തിയാർജിക്കുമെന്നാണു വിപണിയുമായി അടുത്ത ബന്ധം നിലനിർത്തുന്നവരുടെ കണക്കുകൂട്ടൽ. മൂന്നാഴ്ചയ്ക്കിടെ, ക്വിന്റലിന് 4600 രൂപ ഇടിഞ്ഞ് അണ്ഗാർബിൾഡ് 54,400 രൂപയായി. വിലയിടിവിൽ പരിഭ്രാന്തരായി ഒരു വിഭാഗം ചെറുകിട കർഷകർ ചരക്ക് വിറ്റുമാറുകയാണ്.
രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6900 ഡോളറാണ്. വിയറ്റ്നാമും ചൈനയും ലൂണാർ അവധിയിലേക്കു തിരിഞ്ഞതിനാൽ ക്വട്ടേഷനിറക്കിയില്ല. ഇന്തോനേഷ്യ 4500 ഡോളറിനും ബ്രസീൽ 3500 ഡോളറിനും ശ്രീലങ്ക 6500 ഡോളറിനും മലേഷ്യ 6600 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു.
ഏലക്ക വിലയിൽ കാര്യമായ വ്യതിയാനമില്ല. ആഭ്യന്തര-വിദേശ വാങ്ങലുകാർ ചരക്കു സംഭരിച്ചിട്ടും ശരാശരി ഇനങ്ങൾ കിലോ 1523 രൂപയിലും മികച്ചയിനങ്ങൾ 2200 രൂപയിലും കൈമാറി.
നാളികേരം സ്റ്റെഡി
നാളികേരരോത്പന്നങ്ങളുടെ വില സ്റ്റെഡിയാണ്. ഉയർന്ന വിലയ്ക്ക് എണ്ണ ശേഖരിക്കാൻ പ്രദേശിക വിപണികൾ താത്പര്യം കാണിക്കുന്നില്ല. കൊച്ചിയിൽ കൊപ്ര 9400 രൂപയിലും വെളിച്ചെണ്ണ 13,900 രൂപയിലും സ്റ്റെഡിയാണ്.
സംസ്ഥാനത്ത് സ്വർണ വില താഴ്ന്നു. ആഭരണവിപണികളിൽ പവൻ 46,480 രൂപയിൽനിന്ന് 46,160 രൂപയായി.