പൈനാപ്പിൾ ഉപോത്പന്നങ്ങൾ വിദേശ വിപണിയിലേക്ക്
Thursday, February 1, 2024 1:40 AM IST
ജോയെൽ നെല്ലിക്കുന്നേൽ
വാഴക്കുളം: ഭൗമ സൂചികാ പദവിയുള്ള പൈനാപ്പിൾ ഉപോത്പന്നങ്ങൾ വിദേശ വിപണിയിലെത്തിക്കാൻ വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കന്പനി. പൈനാപ്പിൾ മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുന്നതിന്റെ ഭാഗമായി ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രൂപംകൊണ്ടതാണ് ഈ കമ്പനി.
പൈനാപ്പിൾ ജ്യൂസ്, സ്ക്വാഷ്, കാൻഡി, ജാം, അച്ചാർ തുടങ്ങിയവ ആരംഭത്തിൽ വിദേശ വിപണിയിലെത്തിക്കാനാണു പദ്ധതി. പ്രധാനമായും അറബ് രാജ്യങ്ങളിലെ വിപണിയിൽ താരസാന്നിധ്യമാകുകയാണ് ലക്ഷ്യം. തുടർന്ന് പൈനാപ്പിൾ നാര് ഉപയോഗിച്ചുള്ള വിശേഷ വസ്ത്രങ്ങൾ, കേരളത്തിന്റെ തനതായ കരകൗശല വസ്തുക്കൾ, ഇതര ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയവയും അറബ് രാജ്യങ്ങളിലെത്തിക്കും.
കന്പനിയുടെ പ്രാരംഭദശയിൽ തന്നെ പത്തേക്കറിൽ, ഒരു ലക്ഷം പൈനാപ്പിൾ ചെടികൾ ഇതിനകം കൃഷി ചെയ്തു തുടക്കംകുറിച്ചുകഴിഞ്ഞു. വാഴക്കുളം പൈനാപ്പിൾ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നരക്കോടിയുടെ 40 സെന്റ് സ്ഥലം കന്പനിയുടെ കോർപറേറ്റ് ഓഫീസ് നിർമാണത്തിനായി വാങ്ങിയിട്ടുമുണ്ട്. തൊടുപുഴ- മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്കു സമീപം 65 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് കന്പനി ഉത്പന്നങ്ങളുടെ വിപണനത്തിനും വിതരണത്തിനും സജ്ജമാക്കുകയാണ്.
പൈനാപ്പിൾ ഫാക്ടറി, ഉത്പന്ന വിതരണത്തിന് ഔട്ട്ലറ്റ്, കോർപറേറ്റ് ഓഫീസും അനുബന്ധ സൗകര്യങ്ങളും, സ്വാഭാവിക വളങ്ങളുടെയും കീടനാശിനികളുടെയും വിതരണം, ആധുനികരീതിയിലുള്ള മാർക്കറ്റ്, പൈനാപ്പിൾ ഫാക്ടറി തുടങ്ങിയവയും കന്പനിയുടെ സ്വപ്ന പദ്ധതികളാണ്.
കന്പനി ഇപ്പോൾ രണ്ടു ലക്ഷം രൂപ വിലയുള്ള ഓഹരികൾ നിയമമനുസരിച്ച് നൽകുന്നുണ്ട്. പ്രാരംഭമായി 20 കോടി സംഭരിക്കാനാണു ലക്ഷ്യമെന്ന് കന്പനി ചെയർമാൻ ജോസ് പെരുന്പിള്ളിക്കുന്നേൽ, എംഡി ജോസ് വർഗീസ് എന്നിവർ അറിയിച്ചു. ഫോണ്: 94471 60054.