ഡിലോയ്റ്റ് പട്ടികയിൽ ഇടംനേടി റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്
Tuesday, January 30, 2024 11:34 PM IST
തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന 50 ടെക്നോളജി കന്പനികളുടെ പട്ടികയായ ഡിലോയ്റ്റ് ഇന്ത്യ ഫാസ്റ്റ് 50ൽ ഇടം നേടി തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്.
തുടർച്ചയായ രണ്ടാം വർഷമാണ് കന്പനി ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തെ വളർച്ചാനിരക്ക് കണക്കിലെടുത്താണ് വിവിധ കന്പനികളെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
2022 ലെ ഇതേ പട്ടികയിൽ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിനു ഇരുപതാം സ്ഥാനമായിരുന്നു. ഇന്ത്യയിലെ ടെക് കന്പനികളിലെ വനിതാ സിഇഒമാരെ അംഗീകരിക്കുന്ന ഷിക്സോ ഇൻ ടെക് എന്ന അംഗീകാരവും കന്പനി സ്വന്തമാക്കി.
ഇന്ത്യയിലെ ടെക് കന്പനികൾ ഏറെ പ്രാധാന്യം നൽകുന്ന അംഗീകാരങ്ങളിലൊന്നാണ് ഡിലോയ്റ്റിന്റെ ഈ പട്ടിക. അതിവേഗത്തിൽ വളരുകയും മികച്ച മത്സരബുദ്ധി പ്രകടിപ്പിക്കുകയും ചെയ്യുന്ന പുതുതലമുറ കന്പനികളാണ് ഈ പട്ടികയിൽ ഇടംപിടിക്കാറുള്ളത്.
ബാങ്കിംഗ്, സാന്പത്തിക സേവനങ്ങൾ, ആരോഗ്യരംഗം, ലോജിസ്റ്റിക്സ്, ഗതാഗതം, വാഹനവിപണി, മാധ്യമ വിനോദരംഗം എന്നീ മേഖലകളിൽ ഉൾപ്പെടെ കന്പനിക്കു ഉപയോക്താക്കളുണ്ട്. അമേരിക്കയിലും ഓസ്ട്രേലിയയിലും ബ്രസീലിലും മിഡിൽ ഈസ്റ്റിലും കന്പനിക്ക് ഓഫിസുകളുണ്ട്. ഇന്ത്യയിൽ തിരുവനന്തപുരം, ചെന്നൈ, പൂന, ബംഗളൂരു എന്നിവിടങ്ങളിലും കന്പനി പ്രവർത്തിക്കുന്നു.