ഇറാനെ ആക്രമിക്കാനുള്ള ഇസ്രേലി പദ്ധതി ട്രംപ് തള്ളി
Friday, April 18, 2025 12:51 AM IST
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താനായി ഇസ്രയേൽ മുന്നോട്ടുവച്ച പദ്ധതി യുഎസ് പ്രസിഡന്റ് ട്രംപ് നിരസിച്ചതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. പകരം നയതന്ത്രമാർഗത്തിൽ വിഷയം കൈകാര്യം ചെയ്യാനാണു ട്രംപ് തീരുമാനിച്ചത്.
ഇറാൻ അണ്വായുധം നിർമിക്കാതിരിക്കാനായി മേയ് ആദ്യം ആക്രമണം നടത്താനാണ് ഇസ്രയേൽ പദ്ധതിയിട്ടത്. കമാൻഡോ റെയ്ഡുകൾക്കു പുറമേ ഒരാഴ്ചയിലധികം നീളുന്ന ബോംബിംഗും പദ്ധതിയിൽ നിർദേശിച്ചിരുന്നു. ട്രംപ് പദ്ധതി അംഗീകരിക്കുമെന്നു മാത്രമല്ല, പിന്തുണ നല്കുമെന്നും ഇസ്രയേൽ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ഇത്തരമൊരാക്രമണം വ്യാപകയുദ്ധത്തിന് വഴിതുറക്കുമെന്നു വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് എന്നിവർ ആശങ്ക പ്രകടിപ്പിച്ചു. ഇതേത്തുടർന്ന് ഈ മാസം ആദ്യം ട്രംപ് പദ്ധതി നിരസിച്ചതായി റിപ്പോർട്ടിൽ പറയുന്നു.