യുറേനിയം സംന്പുഷ്ടീകരണം നിർത്തില്ല: ഇറാൻ
Thursday, April 17, 2025 12:40 AM IST
ടെഹ്റാൻ: ആണവ ഇന്ധനമായ യുറേനിയത്തിന്റെ സന്പുഷ്ടീകരണം ഇറാൻ നിർത്തില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.
ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്തുന്നതിനായി അമേരിക്കയുമായുള്ള രണ്ടാംവട്ട ചർച്ച ഒമാനിൽ ശനിയാഴ്ച നടക്കാനിരിക്കേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചർച്ചയിൽ ഇറാനെ നയിക്കുന്നത് അരാഗ്ചിയാണ്. കരാറുണ്ടാക്കണമെങ്കിൽ ഇറാൻ സന്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ സംഘത്തെ നയിക്കുന്ന സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യുറേനിയം സന്പുഷ്ടീകരിക്കാൻ ഇറാന് അവകാശമുണ്ടെന്നും അക്കാര്യത്തിൽ ചർച്ചയില്ലെന്നും അരാഗ്ചി മറുപടി നല്കി. സന്പുഷ്ടീകരണ വിഷയത്തിൽ അമേരിക്കയ്ക്കുള്ള ആശങ്കകളിൽ ചർച്ചയാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാന്റെ കൈവശമുള്ള സന്പുഷ്ട ആണവ ഇന്ധനം റഷ്യ പോലുള്ള മൂന്നാമതൊരു രാജ്യത്തിനു കൈമാറാൻ അമേരിക്ക നിർദേശിച്ചേക്കുമെന്നു റിപ്പോർട്ടുണ്ട്. ഇറാൻ ഇത് അംഗീകരിക്കില്ലെന്നും പറയുന്നു. വിഷയത്തിൽ പ്രതികരിക്കാൻ റഷ്യ തയാറായില്ല.
അതേസമയം, അബ്ബാസ് അരാഗ്ചി ഉടൻ മോസ്കോയിലെത്തി പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സന്ദേശവുമായിട്ടാണ് അരാഗ്ചി എത്തുന്നത്.