വൈദികർ ദൈവജനത്തിനു ദൈവവചനമായി മാറണം: മാർപാപ്പ
Friday, April 18, 2025 12:51 AM IST
വത്തിക്കാൻ സിറ്റി: പൗരോഹിത്യത്തിന്റെ വാഗ്ദാനങ്ങൾ പുതുക്കുന്ന പെസഹാദിനത്തിൽ നമ്മുടെ ജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നതിനും നമ്മിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന പ്രേഷിത ഉത്തരവാദിത്വങ്ങൾ മനസിലാക്കിക്കൊണ്ട് ഈ ജൂബിലി വർഷത്തിൽ പ്രത്യാശയുടെ വക്താക്കളായി മാറുന്നതിനും ശ്രദ്ധിക്കണമെന്ന് വൈദികരോടു ഫ്രാൻസിസ് മാർപാപ്പ.
ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പെസഹാ തിരുക്കർമങ്ങൾക്കിടെ തയാറാക്കി നൽകിയ വചനസന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ജൂബിലി വർഷത്തിൽ ജനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ഒരു അഭയസ്ഥാനം കണ്ടെത്താൻ സാധിക്കണം. മതിലുകൾ മാറ്റിക്കൊണ്ട്, പ്രത്യാശയുടെ വിളംബരമായിത്തീരാൻ ഓരോ വൈദികനും സാധിക്കണമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ഈ ലോകത്ത് വൈദികരെന്ന നിലയിൽ സഭയ്ക്കും സമൂഹത്തിനും നൽകേണ്ടുന്ന ജീവിതസാക്ഷ്യത്തെ മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു. യേശുവിന്റെ മുറിക്കപ്പെട്ട ശരീരം നമ്മുടേതാണെന്നും അതു പ്രത്യാശയുടെ സന്ദേശം ഏവർക്കും പ്രദാനം ചെയ്യുന്നതും ചെയ്യേണ്ടതുമാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
സമവായവും അംഗീകാരവും തേടി ജീവിക്കുന്നവരാകാതെ, ദരിദ്രരായവരെ ചേർത്തുപിടിച്ചുകൊണ്ട് സ്നേഹത്തോടുള്ള വിശ്വസ്തതയിൽ ജീവിക്കുവാൻ വൈദികർക്കു സാധിക്കണം. ദൈവവചനത്തോടുള്ള യേശുവിന്റെ ഹൃദയപൂർവകമായ ബന്ധം ഓരോ വൈദികനും ജീവിതത്തിൽ ഉൾക്കൊള്ളണം.
അപ്രകാരം വൈദികർ ദൈവജനത്തിനു ദൈവവചനമായി മാറണമെന്നും വിശുദ്ധ ലൂക്കയുടെ സുവിശേഷം നാലാം അധ്യായം 17 മുതൽ 20 വരെയുള്ള തിരുവചന ഭാഗം ഓർമപ്പെടുത്തിക്കൊണ്ട് മാർപാപ്പ ആഹ്വാനം ചെയ്തു.
യേശുവിന്റെ ആത്മാവാണ് നമ്മുടെ സേവനത്തിൽ നിശബ്ദമായി നായകത്വം വഹിക്കുന്നത്. ഇതു നമ്മുടെ സേവനം വിജയകരമായി പൂർത്തീകരിക്കുന്നതിന് നമ്മെ സഹായിക്കുന്നു. -മാർപാപ്പ പറഞ്ഞു.
ഏറെ വേദനകളിലൂടെയും മുറിവുകളിലൂടെയും ആശങ്കകളിലൂടെയും കടന്നുപോകുന്ന ഈ ലോകത്തിൽ ക്രിസ്തുവിനോടൊപ്പം സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും അപ്രകാരം മാനവികതയുടെ വളർച്ചയ്ക്കും പൗരോഹിത്യജീവിതങ്ങൾക്ക് സാധിക്കട്ടേയെന്ന് ആശംസിച്ച മാർപാപ്പ, വൈദികർക്കുവേണ്ടി പ്രാർഥിക്കുവാൻ ദൈവജനത്തോട് അഭ്യർഥിക്കുകയും ചെയ്തു.
വിശുദ്ധ കുർബാനയ്ക്കും വിശുദ്ധ മൂറോൻ വെഞ്ചരിപ്പിനും കർദിനാൾ ദൊമെനിക്കോ കാഞ്ഞൊ മുഖ്യകാർമികത്വം വഹിച്ചു.
നിരവധി കർദിനാൾമാരും മെത്രാന്മാരും റോം രൂപതയിൽ സേവനമനുഷ്ഠിക്കുന്ന 1800ഓളം വൈദികരും സഹകാർമികരായിരുന്നു. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന പീഡാനുഭവ ശുശ്രൂഷകള്‍ക്ക് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ ക്ലൗദിയോ ഗുജെറോത്തി മുഖ്യകാർമികത്വം വഹിക്കും.
രാത്രിയിൽ കൊളോസിയത്തിലും ചുറ്റിലും നടക്കുന്ന കുരിശിന്റെ വഴിക്ക് റോമാ രൂപതയുടെ വികാരി ജനറൽ കർദിനാൾ ബാൽദസാരെ റെയ്ന നേതൃത്വം നൽകും. ഫ്രാൻസിസ് മാർപാപ്പ എഴുതിയ ധ്യാനചിന്തകളാണ് കുരിശിന്റെ വഴിയില്‍ പങ്കുവയ്ക്കുക.