ഹാർവാഡിൽ വിദേശവിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുമെന്ന്
Friday, April 18, 2025 12:51 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർഥികൾക്കു പ്രവേശനം നിഷേധിക്കുമെന്ന് ട്രംപ് ഭരണകൂടം.
യഹൂദവിരുദ്ധത തടയാനെന്ന പേരിൽ സർക്കാർ ആവശ്യപ്പെട്ട നിർദേശങ്ങൾ നടപ്പാക്കില്ലെന്ന് യൂണിവേഴ്സിറ്റി അറിയിച്ചതിനു പിന്നാലെയാണ് ഈ ഭീഷണി. ഈ വർഷം ഹാർവാഡിൽ പഠനമാരംഭിച്ച വിദ്യാർഥികളിൽ 27 ശതമാനവും വിദേശികളാണ്.
പ്രവേശന, അധ്യാപന രീതികളിലടക്കം മാറ്റം ആവശ്യപ്പെടുന്ന സർക്കാർ നിർദേശങ്ങൾ യഹൂദവിരുദ്ധത തടയുന്നതിനപ്പുറം യൂണിവേഴ്സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ വേണ്ടിയാണെന്നു ഹാർവാഡ് ആരോപിക്കുന്നു.
ഹാർവാഡിന്റെ സ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളും അടിയറ വയ്ക്കില്ലെന്നാണ് യൂണിവേഴ്സിറ്റി പ്രസിഡന്റ് അലൻ ഗാർബർ വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ യൂണിവേഴ്സിറ്റിക്കുള്ള 220 കോടി ഡോളറിന്റെ ഫണ്ട് സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്.
ഗാസാ യുദ്ധത്തിന്റെ പേരിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്ന അമേരിക്കൻ യൂണിവേഴ്സിറ്റികൾക്കെതിരേ കർശന നടപടികളാണു ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്.
ഹാർവാഡ് യൂണിവേഴ്സിറ്റി ദേശീയസുരക്ഷയ്ക്കു ഭീഷണിയാണെന്ന് ആഭ്യന്തരസുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയം കഴിഞ്ഞദിവസം ആരോപിച്ചു.