പെറുവിൽ മുൻ പ്രസിഡന്റിനും ഭാര്യക്കും 15 വർഷം തടവ്
Thursday, April 17, 2025 12:40 AM IST
ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ മുൻ പ്രസിഡന്റ് ഒല്ലാന്റ ഹുമാലയ്ക്കും ഭാര്യ നദീൻ ഹെരെഡിയയ്ക്കും അഴിമതിക്കേസിൽ കോടതി 15 വർഷത്തെ തടവുശിക്ഷ വിധിച്ചു.
2011 മുതൽ 2016 വരെ ഭരണം നടത്തിയ ഒല്ലാന്റ, 2006ലെയും 2011ലെയും തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പരേതനായ വെനസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ചാവേസിൽനിന്നും ബ്രസീലിലെ വൻ നിർമാണക്കന്പനിയായ ഒഡെബ്രച്റ്റിൽനിന്നും വൻ തുക കൈപ്പറ്റിയിരുന്നെന്നാണ് കണ്ടെത്തിയത്.
മുൻ പ്രസിഡന്റുമാരായ അലഹാന്ദ്രോ തൊളേദോയും പെദ്രോ കാസ്റ്റില്ലോയും തടവ് അനുഭവിക്കുന്ന ബാർബഡില്ലോ ജയിലിലേക്കാണ് ഒല്ലാന്റയെ അയച്ചത്.
അതേസമയം, ഭാര്യ നദീൻ അറസ്റ്റിനു മുന്പേ മകനുമായി ബ്രസീലിയൻ എംബസിയിൽ അഭയം തേടിയിരുന്നു. നദീനും മകനും ബ്രസീലിലേക്കു പോകാൻ പെറുവിലെ സർക്കാർ അനുമതി നല്കിയിട്ടുണ്ട്.
ഒഡെബ്രച്റ്റ് നിർമാണക്കന്പനിയിൽനിന്നു പണം വാങ്ങിയെന്ന ആരോപണം പെറുവിലെ പല പ്രസിഡന്റുമാരും നേരിടുന്നുണ്ട്. 2001 മുതൽ 2006 വരെ ഭരിച്ച അലഹാന്ദ്രോ തൊളേദോ ശിക്ഷിക്കപ്പെട്ടതും ഇത്തരം കേസിലാണ്.
1985-1990, 2006-2011 കാലഘട്ടങ്ങളിൽ പ്രസിഡന്റായിരുന്ന അലൻ ഗാർസിയ, ഒഡെബ്രച്റ്റ് അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന സാഹചര്യത്തിൽ 2019ൽ ജീവനൊടുക്കി.