വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ കാര്‍മികത്വം വഹിക്കാന്‍ കർദിനാൾമാരെ നിയോഗിച്ചു
Thursday, April 17, 2025 2:09 AM IST
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കാന്‍ ഫ്രാന്‍സിസ് മാർപാപ്പ കര്‍ദിനാൾമാരെ നിയമിച്ചു. മാർപാപ്പ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാത്തതിനാലാണു നിയമനം.
പെസഹാദിനമായ ഇന്നു രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ തൈലം വെഞ്ചരിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ ദൊമെനിക്കോ കാഞ്ഞൊ മുഖ്യകാർമികത്വം വഹിക്കും.
ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന പീഡാനുഭവ ശുശ്രൂഷകള്‍ക്ക് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ ക്ലൗദിയോ ഗുജെറോത്തി മുഖ്യകാർമികത്വം വഹിക്കും.
രാത്രിയിൽ കൊളോസിയത്തിലും ചുറ്റിലും നടക്കുന്ന കുരിശിന്റെ വഴിക്ക് റോമാ രൂപതയുടെ വികാരി ജനറൽ കർദിനാൾ ബാൽദസാരെ റെയ്ന നേതൃത്വം നൽകും. ഫ്രാൻസിസ് മാർപാപ്പ എഴുതിയ ധ്യാനചിന്തകളാണ് കുരിശിന്റെ വഴിയില്‍ പങ്കുവയ്ക്കുക.
ശനിയാഴ്ച രാത്രിയിൽ നടക്കുന്ന ഈസ്റ്റർ വിജിൽ തിരുക്കർമങ്ങളിൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാന്നി ബാത്തിസ്ത റെയും ഉയിര്‍പ്പുതിരുനാള്‍ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് കർദിനാൾ ആഞ്ചലോ കൊമാസ്ത്രിയും മുഖ്യകാർമികത്വം വഹിക്കും.
ഓശാന ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയുടെ സമാപനത്തില്‍ ഫ്രാന്‍സിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എത്തിയിരുന്നു.
38 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസ്ചാർജായി മൂന്നാഴ്ച പിന്നിട്ടിരിക്കേ മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് വത്തിക്കാന്‍ നേരത്തേ അറിയിച്ചിരുന്നു.
മാർപാപ്പയെ സന്ദർശിച്ച് ജെമെല്ലി ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും
റോമിലെ ജെമെല്ലി ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.
ഇന്നലെ രാവിലെ പ്രാദേശികസമയം 11ന് പോൾ ആറാമൻ ഹാളിനു പിന്നിലുള്ള മുറിയിലായിരുന്നു 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച.
38 ദിവസത്തോളം തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും ആശുപത്രി ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും മാർപാപ്പ നന്ദി പറഞ്ഞു. 70 പേർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.