ലോസ് ആഞ്ചലസ് കാട്ടുതീയിൽ മരണം 24 ആയി
Tuesday, January 14, 2025 2:00 AM IST
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ പടരുന്ന കാട്ടുതീയിൽ മരണം 24 ആയി ഉയർന്നു. 16 പേരെ കാണാതായി. തെരച്ചിൽ പുരോഗമിക്കുന്പോൾ രണ്ടു സംഖ്യകളും ഉയർന്നേക്കും.
ഒരാഴ്ചയാകുന്പോഴും കാട്ടുതീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ കാറ്റിന്റെ ശക്തി കുറഞ്ഞത് അഗ്നിശമനസേനാംഗങ്ങളുടെ ജോലി എളുപ്പമാക്കി. എന്നാൽ, വരും ദിവസങ്ങളിൽ കാറ്റിനു വേഗം കൂടുമെന്നാണുകാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ അറിയിച്ചത്. തീ കൂടുതൽ മേഖലകളിലേക്കു പടരാൻ സാധ്യതയുണ്ട്.
ആറ് കാട്ടുതീകളിലായി 160 ചതുരശ്ര കിലോമീറ്റർ പ്രദേശമാണു ചാന്പലായത്. പലിസേഡ്സ്, ഈറ്റൺ എന്നീ പേരുകളുള്ള രണ്ടു കാട്ടുതീകളാണ് കൂടുതൽ നാശം വിതയ്ക്കുന്നത്. 153 ചതുരശ്ര കിലോമീറ്റർ പ്രദേശവും നശിപ്പിച്ചത് ഈ രണ്ടു കാട്ടുതീകളാണ്.
പലിസേഡ്സ് കാട്ടുതീ 11 ശതമാനവും ഈറ്റൺ 27 ശതമാനവുമേ അണയ്ക്കാൻ കഴിഞ്ഞിട്ടുള്ളൂ. 84 വിമാനങ്ങൾ, 1,400 ഫയർ എന്‍ജിനുകൾ എന്നിവയുമായി 14,000 പേരാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്.
ലോസ് ആഞ്ചലസ് ഉൾപ്പെടുന്ന കലിഫോർണിയയ്ക്കു പുറമേ ഒന്‍പതു സംസ്ഥാനങ്ങളിൽനിന്നും അയൽരാജ്യമായ മെക്സിക്കോയിൽനിന്നുമുള്ള അഗ്നിശമനസേനാംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.