സമാധാനച്ചിറകിൽ ഗാസ; വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചു
Wednesday, January 15, 2025 2:26 AM IST
ദോഹ: ഗാസയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ യാഥാർഥ്യമാകുന്നു. വെടിനിർത്തൽ കരാർ നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു. ബന്ദികളെ മോചിപ്പിക്കാനും ഹമാസ് സമ്മതിച്ചു. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും വെടിനിർത്തൽ ഉടനുണ്ടാകുമെന്നും മധ്യസ്ഥത വഹിക്കുന്ന ഖത്തർ അറിയിച്ചു. ഖത്തറിലെ ദോഹയിലാണു ചർച്ച നടന്നത്.
മൂന്നു ഘട്ടമായുള്ള വെടിനിർത്തൽ കരാറിന് ഇസ്രേലി മന്ത്രിസഭ അനുമതി നൽകേണ്ടതുണ്ട്.ആറാഴ്ചകൊണ്ട് സ്ത്രീകളും കുട്ടികളും വയോധികരുമായ 33 ബന്ദികളെ മോചിപ്പിക്കും. പകരം, നൂറുകണക്കിന് പലസ്തീനിയൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ആദ്യം മോചിപ്പിക്കുന്ന ബന്ദികളിൽ അഞ്ച് വനിതാ സൈനികരുമുണ്ട്. ഇവരെ മോചിപ്പിക്കുന്നതിനു പകരം 50 പലസ്തീനിയൻ തടവുകാരെ കൈമാറും.
42 ദിവസമുള്ള ആദ്യഘട്ടത്തിൽ ഇസ്രേലി സേന ജനവാസകേന്ദ്രങ്ങളിൽനിന്നു പിന്മാറും. പലസ്തീനികൾക്ക് വടക്കൻഗാസയിലെ വീടുകളിലേക്കു പോകാനാകും. ഓരോ ദിവസവും അവശ്യസാധനങ്ങളുമായി 600 ട്രക്കുകൾ ഗാസയിൽ അനുവദിക്കും. രണ്ടാം ഘട്ടത്തിൽ, അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും.
ഗാസയിൽനിന്ന് ഇസ്രേലി സേന പൂർണമായും പിന്മാറും. ഇസ്രേലി സേന പൂർണമായും പിന്മാറാതെ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. മൂന്നാം ഘട്ടത്തിൽ ഗാസയുടെ പുനരുദ്ധാരണത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ മേൽനോട്ടത്തിൽ മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള പദ്ധതി തയാറാക്കും.
ഖത്തർ പ്രധാനമന്ത്രി ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയാണ് ചർച്ചകൾക്കു മധ്യസ്ഥത വഹിച്ചത്. മൊസാദ് ചാരസംഘടനയുടെ തലവൻ ഡേവിഡ് ബാർനീ, ആഭ്യന്തരസുരക്ഷാ ഏജൻസിയായ ഷിൻ ബെത്തിന്റെ റോണെൻ ബാർ എന്നിവരാണ് ഇസ്രയേലിനെ പ്രതിനിധീകരിച്ചത്.
15 മാസം നീണ്ട യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക, ഈജിപ്ത്, ഖത്തർ രാജ്യങ്ങളാണ് നിരന്തരം ഇടപെടൽ നടത്തിയിരുന്നത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തിൽ 1200 പേരാണു കൊല്ലപ്പെട്ടത്.
251 പേരെ ബന്ദികളാക്കുകയും ചെയ്തു. നൂറോളം ബന്ദികൾ ഗാസയിലുണ്ടെന്നാണു വിലയിരുത്തൽ. നേരത്തെ നൂറോളം ബന്ദികളെ മോചിപ്പിച്ചിരുന്നു. തടവുകാരുടെ കൈമാറ്റത്തിലൂടെയും സൈനികനീക്കത്തിലൂടെയുമായിരുന്നു ബന്ദിമോചനം സാധ്യമായത്.
ഇസ്രേലി ആക്രമണത്തിൽ തകർന്നു തരിപ്പണമായ അവസ്ഥയിലാണു ഗാസ. 46,600 പേരാണു കൊല്ലപ്പെട്ടത്. ഇവരിൽ പകുതിയും സ്ത്രീകളും കുട്ടികളുമാണ്.
വെടിനിർത്തൽ കരാറിൽ ഇസ്രയേൽ വലിയ വിട്ടുവീഴ്ചകൾക്കു തയാറായാൽ സഖ്യം വിടുമെന്നു നെതന്യാഹു സർക്കാരിലെ തീവ്ര വലത് നിലപാടുള്ള രണ്ടു കക്ഷികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കരാറിനെ ദുർബലപ്പെടുത്തുമെന്നാണ് ആശങ്ക. എന്നാൽ, ബന്ദിമോചനത്തിനു സർക്കാരിന് ആവശ്യമായ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചിട്ടുണ്ട്.
ഗാസ മുനമ്പിലെ തന്ത്രപ്രധാനമായ ഭാഗങ്ങളിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുന്നതിനെതിരേ വലതുപക്ഷ എംപിമാർ ബെഞ്ചമിൻ നെതന്യാഹുവിനു കത്ത് നൽകിയിട്ടുണ്ട്.ഇതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്.
തിങ്കളാഴ്ച വടക്കൻ ഗാസയിൽ ഇസ്രയേൽ മൂന്നു വ്യത്യസ്ത ഇടങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ 14 പലസ്തീനികൾ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച വടക്കൻ ഗാസയിലെ ബെയ്റ്റ് ഹനൂനിൽ അഞ്ച് ഇസ്രയേൽ സൈനികർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.