ന്യൂ ഗ്ലെൻ റോക്കറ്റ് വിക്ഷേപണം നീട്ടി
Tuesday, January 14, 2025 2:00 AM IST
കേപ് കാനവറാൾ: ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ കന്പനി വികസിപ്പിച്ച പടുകൂറ്റൻ ‘ന്യു ഗ്ലെൻ’ റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം സാങ്കേതിക തകരാറുകളെത്തുടർന്ന് നീട്ടിവച്ചു.
ഫ്ലോറിഡയിലെ കേപ് കാനവറാളിൽനിന്നുള്ള വിക്ഷേപണം കൗണ്ട്ഡൗണിനിടെ പലതവണ മാറ്റിവച്ചശേഷം ഒടുവിൽ ഉപേക്ഷിക്കുകയായിരുന്നു. തകരാറുകൾ പരിഹരിച്ച് ഉടൻതന്നെ വിക്ഷേപിക്കാനാണു നീക്കം.
ബഹിരാകാശ മാർക്കറ്റിൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സിനോടു മത്സരിക്കാനാണു ജെഫ് ബെസോസ് ന്യൂ ഗ്ലൻ നിർമിച്ചത്. 98 മീറ്റർ ഉയരമുള്ള റോക്കറ്റിന് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിനേക്കാൾ ഇരട്ടി ഭാരം വഹിക്കാനാകും.
ബ്ലൂ ഒറിജിൻ നിർമിച്ച ‘ബ്ലൂ റിംഗ്’ എന്ന ബഹിരാകാശ വാഹനത്തെ ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് ന്യൂ ഗ്ലെൻ റോക്കറ്റിന്റെ പ്രഥമ ദൗത്യം. സ്പേസ് ടഗ് പോലെ പ്രവർത്തിക്കുന്ന ബ്ലൂ റിംഗ് വാഹനത്തെ ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണിക്കും ദേശീയസുരക്ഷാ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നാണ് ബ്ലൂ ഒറിജിൻ അവകാശപ്പെടുന്നത്.