മാര്‍ബര്‍ഗ് വൈറസ് രോഗം: ടാന്‍സാനിയയില്‍ എട്ടുപേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന
Thursday, January 16, 2025 12:40 AM IST
ദൊഡൊമ: റുവാണ്ടയിൽ ഭീതി വിതച്ച മാര്‍ബര്‍ഗ് വൈറസ് ടാൻസാനിയയിലും പടരുന്നു. വടക്കന്‍ ടാന്‍സാനിയയില്‍ മാര്‍ബര്‍ഗ് രോഗം ബാധിച്ച് എട്ടുപേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
കഴിഞ്ഞ പത്തിന് ടാൻസാനിയയിലെ വടക്കുപടിഞ്ഞാറൻ കരേഗ സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇതില്‍ എട്ടുപേര്‍ മരിച്ചതായും ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറൽ ടെദ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. രോഗനിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ പ്രതീക്ഷിക്കുന്നതായും ടെദ്രോസ് അദാനോം സമൂഹമാധ്യമമായ എക്സില്‍ പറഞ്ഞു.
എബോളയോളം മാരകമായ വൈറസാണ് മാര്‍ബര്‍ഗ്. പഴംതീനി വവ്വാലുകളിലൂടെയാണ് വൈറസ് വ്യാപനം നടക്കുക. വളരെ പെട്ടെന്നു വ്യാപിക്കുന്ന മാര്‍ബര്‍ഗ് വൈറസിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്.
88 ശതമാനമാണ് മരണനിരക്ക്. ഒരാൾക്ക് ഈ വൈറസ് ബാധയുണ്ടായാൽ രണ്ടു മുതല്‍ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങള്‍ പ്രകടമാകും. രോഗം ഗുരുതരമാകുന്നവരില്‍ രക്തസ്രാവമുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.
രോഗബാധിതരായ വ്യക്തികളുമായി അടുത്ത സമ്പര്‍ക്കം വഴി രോഗം പടരുന്നു. രോഗം ബാധിച്ച് ചികിത്സ തേടാത്ത 88 ശതമാനം പേരിലും മാര്‍ബര്‍ഗ് മാരകമായേക്കാം. പനി, പേശീവേദന, വയറിളക്കം, ഛര്‍ദി, ബാഹ്യ രക്തസ്രാവം എന്നിവയാണു ലക്ഷണങ്ങള്‍. മാര്‍ബര്‍ഗിന് അംഗീകൃത വാക്സിനോ ചികിത്സയോ ഇല്ല.
കഴിഞ്ഞ സെപ്റ്റംബര്‍ 27ന് റുവാണ്ടയിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച 66 പേരില്‍ 15 പേര് മരിച്ചതായി റുവാണ്ടന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും ആദ്യം രോഗം സ്ഥിരീകരിച്ചവരെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ്.