നൈജീരിയയിൽ 40 കർഷകരെ ബൊക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി
Tuesday, January 14, 2025 3:08 AM IST
ഡാക്കർ: വടക്കുകിഴക്കൻ നൈജീരിയയിൽ 40 കർഷകരെ ബൊക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി. ബോർണോ സംസ്ഥാനത്ത് ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്.
ബൊക്കാ ഹറാം ഭീകരർക്കൊപ്പം സംഘടനയിൽനിന്നു പിരിഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റുമായി അടുപ്പം സ്ഥാപിച്ച ഗ്രൂപ്പും ചേർന്നാണ് ബോർണോ സംസ്ഥാനത്തെ ഡുംബയിൽ ആക്രമണം നടത്തിയതെന്ന് ഗവർണർ ബാബഗനാ ഉമാര സുലും അറിയിച്ചു.
ജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിൽ കഴിയണമെന്നും ഭീകരരെ ഉന്മൂലനം ചെയ്യുമെന്നും സുലും പറഞ്ഞു.
2009 മുതൽ നൈജീരിയയിൽ ബൊക്കോഹറാം നിരന്തരം ആക്രമണം നടത്തിവരികയാണ്. 35,000 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നൈജീരിയുടെ വടക്കുകിഴക്കൻ പ്രദേശത്തുനിന്ന് 20 ലക്ഷത്തിലധികം പേർ പലായനം ചെയ്തു.