ഉത്തരകൊറിയൻ ഭടന്മാരെ കൈമാറാമെന്ന് സെലൻസ്കി
Tuesday, January 14, 2025 2:00 AM IST
കീവ്: യുക്രെയ്ൻ സേന പിടികൂടിയ രണ്ട് ഉത്തരകൊറിയൻ ഭടന്മാരെ കൈമാറാൻ തയാറാണെന്നു പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു.
പക്ഷേ, ഇതിനായി റഷ്യയുടെ കസ്റ്റഡിയിലുള്ള യുക്രെയ്ൻ ഭടന്മാരെ മോചിപ്പിക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ഇടപെടണം. യുക്രെയ്ൻ സേന ഇനിയും ഉത്തരകൊറിയൻ ഭടന്മാരെ പിടികൂടുമെന്ന് സെലൻസ്കി അവകാശപ്പെട്ടു.
റഷ്യയിലെ കുർസ്ക് പ്രദേശത്തുനിന്നു പിടികൂടിയ ഉത്തരകൊറിയൻ ഭടന്മാരെ കീവിലെത്തിച്ച കാര്യം കഴിഞ്ഞദിവസമാണു യുക്രെയ്ൻ അറിയിച്ചത്.
പരിക്കേറ്റ രണ്ടു പേരെയും ചോദ്യംചെയ്യുന്ന വീഡിയോ സെലൻസ്കി ഇന്നലെ പുറത്തുവിട്ടു. പരിശീലനത്തിനെന്നു വിചാരിച്ചാണു റഷ്യയിലേക്കു പുറപ്പെട്ടതെന്ന് ഇതിലൊരാൾ വെളിപ്പെടുത്തി. അവസരം കിട്ടിയാൽ യുക്രെയ്നിൽ തുടരാനാണു താത്പര്യമെന്നും ഇയാൾ പറഞ്ഞു.