ദക്ഷിണാഫ്രിക്കൻ ഖനിയിൽ കുടുങ്ങിയ 100 പേർ മരിച്ചു
Wednesday, January 15, 2025 12:45 AM IST
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട സ്വർണഖനിയിൽ അനധികൃത ഖനനത്തിനിറങ്ങി കുടുങ്ങിയ 100 പേർ മരിച്ചു. മാസങ്ങളോളമാണ് ഇവർ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ഖനിയിൽ കുടുങ്ങിയത്.
പട്ടിണിയും നിർജലീകരണവും മൂലമാണ് ഇവർ മരിച്ചത്. വെള്ളിയാഴ്ചയ്ക്കുശേഷം 24 മൃതദേഹങ്ങൾ പുറത്തെത്തിച്ചു. കഴിഞ്ഞ നവംബറിലാണ് ഖനിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ പോലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. 36 പേരെ രക്ഷപ്പെടുത്തി. ഖനിയുടെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറോളം പേർ ഉണ്ടെന്നാണ് വിലയിരുത്തൽ.
ദക്ഷിണാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ ലാഭകരമല്ലാത്ത ഖനികൾ ഉടമകൾ ഉപേക്ഷിക്കുന്നതോടെ അനധികൃത ഖനനം വ്യാപകമാണ്. മാസങ്ങളോളമാണ് ഇവർ ഖനികളിൽ തങ്ങുക. ഭക്ഷണം, വെള്ളം, ജനറേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവയുമായാണ് ഇവർ ഖനികളിൽ പ്രവേശിക്കുക. രണ്ടു മാസം മുന്പ് ഖനിയിൽ പോലീസും അനധികൃത ഖനനം നടത്തുന്നവരുമായി തർക്കമുണ്ടായിരുന്നു.
ഖനിയിൽ ഇറങ്ങിയവരെ പുറത്തെത്തിക്കാൻ പോലീസ് ശ്രമിച്ചിരുന്നു. പുറത്തെത്തിയാൽ അറസ്റ്റുണ്ടാകുമെന്നു ഭയന്ന് ഖനനം നടത്തുന്നവർ പുറത്തെത്തിയില്ല. ഖനിയിൽനിന്നു പുറത്തിറങ്ങാനുള്ള വടങ്ങൾ പോലീസ് നീക്കം ചെയ്തതോടെ ഖനനം നടത്തുന്നവർ കുടുങ്ങിയെന്നാണ് ആരോപണം. ഭക്ഷണം തടഞ്ഞതായും ആരോപണമുണ്ട്.