നൈജീരിയൻ വ്യോമസേനയുടെ ആക്രമണത്തിൽ 16 സിവിലിയന്മാർ കൊല്ലപ്പെട്ടു
Tuesday, January 14, 2025 2:00 AM IST
ലാഗോസ്: നൈജീരിയൻ വ്യോമസേനയുടെ ആക്രമണത്തിൽ 16 സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ സംഫാരയിൽ ക്രിമിനലുകളെന്നു തെറ്റിദ്ധരിച്ചാണു വ്യോമസേന ആക്രമണം നടത്തിയതെന്നു സൂചനയുണ്ട്.
മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന ക്രിമിനൽ ഗ്രൂപ്പുകളെ നേരിടാൻ പ്രദേശവാസികൾ രൂപവത്കരിച്ച സംഘത്തിലുള്ളവരാണു കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. മരണസംഖ്യ 20 ആണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി പറഞ്ഞു.
ക്രിമിനൽ സംഘങ്ങളെ തുരത്തിയശേഷം മടങ്ങുന്ന വഴിക്കാണു വ്യോമസേനയുടെ ആക്രമണമുണ്ടായതെന്നു പ്രദേശവാസികൾ പറഞ്ഞു.
ക്രിമിനലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി വ്യോമസേന സ്ഥിരീകരിച്ചു. ഒട്ടെറെ ക്രിമിനലുകളെ വധിക്കുകയും തട്ടിക്കൊണ്ടുപോകപ്പെട്ട ചിലരെ വീണ്ടെടുക്കുകയും ചെയ്തു. ജനങ്ങൾ മരിച്ചതായി റിപ്പോർട്ടുണ്ട്. സത്യാവസ്ഥ വെളിപ്പെടാൻ അന്വേഷണം നടത്തുമെന്നു വ്യോമസേന അറിയിച്ചു.