ബ്രിട്ടീഷ് യുദ്ധക്കപ്പൽ ഡ്രോൺ വെടിവച്ചിട്ടു
Sunday, December 17, 2023 12:49 AM IST
ലണ്ടൻ: ചെങ്കടലിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണം ബ്രിട്ടീഷ് യുദ്ധക്കപ്പൽ പരാജയപ്പെടുത്തി. സമുദ്രസുരക്ഷ ഉറപ്പാക്കാൻ മേഖലയിൽ വിന്യസിച്ചിരിക്കുന്ന എച്ച്എംഎസ് ഡയമണ്ട് എന്ന കപ്പൽ ഡ്രോണിനെ വെടിവച്ചിട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗ്രാന്റ് ഷാപ്സ് അറിയിച്ചു.
യെമനിലെ ഹൗതി വിമതരാണ് ഡ്രോൺ ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. ഇസ്രയേലിലേക്കു പോകുന്ന കപ്പലുകൾ ആക്രമിക്കുമെന്നാണ് ഹൗതികളുടെ ഭീഷണി.
കഴിഞ്ഞദിവസം രണ്ടു ചരക്കുകപ്പലുകൾ ഹൗതികൾ ആക്രമിച്ചിരുന്നു. ഇതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കന്പനികളായ ജർമനിയിലെ ഹപാംഗ് ലോയ്ഡ്, ഡെന്മാർക്കിലെ മയേർസ്ക് എന്നിവർ ചെങ്കടലിൽക്കൂടി ചരക്കുകടത്ത് നിർത്തിവച്ചതായി അറിയിച്ചു.